കൊച്ചി: നടി ഹണി റോസിന്റെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ സ്ത്രീവിരുദ്ധ കമന്റ് ഇട്ടവർക്കെതിരെ നടി പരാതി നൽകി. എറണാകുളം സെൻട്രൽ പൊലീസിനാണ് പരാതി നൽകിയത്. പരാതിയിൽ അന്വേഷണം തുടങ്ങിയ പോലീസ് ആദ്യഘട്ടത്തിൽ 27 പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഫെയ്‌സ്ബുക്ക് പോസ്റ്റിനു താഴെ ഹണിയ്‌ക്കെതിരെ അശ്ലീ കമന്റിട്ടവര്‍ക്കെതിരെയാണ് കേസ്.
തന്നെ ഒരു വ്യക്തി സമൂഹ മാധ്യമങ്ങളിലൂടെ അപമാനിക്കുന്നു എന്ന ഹണി ഫെയ്‌സ്ബുക്കിലിട്ട പോസ്റ്റിനു താഴെയാണ് അധിക്ഷേപ കമന്റുകള്‍ വന്നത്. സ്ത്രീകൾക്കെതിരെ ലൈംഗിക ചേഷ്ടയോടെ സംസാരിക്കുകയും പിന്തുടരുകയും ചെയ്യുന്നത് കുറ്റകൃത്യമാണ്. മാനസിക വൈകൃതം ഉള്ളവരുടെ ഇത്തരം പുലമ്പലുകളെ പുച്ഛത്തോടെയും സഹതാപത്തോടെയും അവഗണിക്കാറാണ് പതിവ്. അതിന് തനിക്ക് പ്രതികരണശേഷി ഇല്ല എന്ന് അർത്ഥമില്ലെന്നും ഹണി റോസ് ഫേസ്ബുക്ക് പോസ്റ്റിട്ടിരുന്നു. ഈ പോസ്റ്റിന് താഴെയാണ് സ്ത്രീവിരുദ്ധ കമന്റുകൾ കുമിഞ്ഞുകൂടിയത്.
കേട്ടാലറയ്ക്കുന്ന കമന്റുകൾ എഴുതിയ 30 പേര്‍ക്കെതിരെ ഇന്നലെ രാത്രിയോടെയാണ് എറണാകുളം സെന്‍ട്രല്‍ പൊലീസില്‍ ഹണി പരാതി നല്‍കിയത്. ലൈംഗികച്ചുവയുള്ള അധിക്ഷേപത്തിനെതിരെയുള്ള വകുപ്പു ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ലൈംഗികാതിക്രമത്തിന്റെ പരിധിയില്‍ പെടുന്ന, ഒരു വര്‍ഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റകൃത്യമാണിത്. അതിനാല്‍ തന്നെ പ്രതികള്‍ക്കെതിരെ കടുത്ത നടപടികള്‍ ഉണ്ടാകും.