കൊച്ചി മെട്രോയ്ക്ക് കാനറാ ബാങ്കിന്റെ കൈത്താങ്ങ്

Webdunia
തിങ്കള്‍, 21 ജൂലൈ 2014 (11:09 IST)
കൊച്ചി മെട്രോയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി കാനറാ ബാങ്ക് 1,170 കോടി രൂപ വായ്പയായി നല്‍കും. ഇതു സംബന്ധിച്ച കരാറില്‍  കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡും (കെഎംആര്‍എല്‍)  കാനറാ ബാങ്കും ഒപ്പുവച്ചു.  

5,180 കോടി രൂപ ചെലവ് വരുന്ന  ആദ്യഘട്ട പദ്ധതിയില്‍ 1,170 കോടി രൂപയുടെ വായ്‌പയാണ് കെഎംആര്‍എല്‍ സ്വീകരിക്കുന്നത്.
 
19.5 വര്‍ഷമാണ് കാനറാ ബാങ്ക്  വായ്‌പയുടെ  കാലാവധി. ഏഴു വര്‍ഷത്തെ മൊറട്ടോറിയം. 10.80 ശതമാനമാണ് പലിശ നിരക്ക്. പദ്ധതിക്കായി 1,500 കോടി രൂപ  വായ്‌പ നല്‍കുന്ന ഫ്രഞ്ച് ധനകാര്യ ഏജന്‍സിയായ എ.എഫ്.ഡിയുമായുള്ള കരാര്‍ കഴിഞ്ഞ ഫെബ്രുവരി എട്ടിന്  കൊച്ചിയില്‍ ഒപ്പുവച്ചിരുന്നു.
 
കരാര്‍  മന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ സാന്നിദ്ധ്യത്തില്‍ കെഎംആര്‍എല്‍ മാനേജിംഗ് ഡയറക്‌ടര്‍ ഏലിയാസ് ജോര്‍ജും കാനറാ ബാങ്ക് ചെയര്‍മാനും മാനേജിംഗ് ഡയറക്‌ടറുമായ  ആര്‍കെ ദുബെയുമാണ് ഇന്നലെ കൊച്ചിയില്‍ നടന്ന ചടങ്ങില്‍ കരാറില്‍ ഒപ്പുവച്ചത്.