അടുത്ത ആഴ്ച നിര്‍ണായകം; പ്രതിദിന കേസുകള്‍ 10,000 കടന്നാല്‍ കേരളത്തില്‍ ലോക്ക്ഡൗണ്‍ !

Webdunia
വ്യാഴം, 6 ജനുവരി 2022 (08:20 IST)
പ്രതിദിന കോവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ കേരളത്തില്‍ ആശങ്ക. കഴിഞ്ഞ രണ്ട് ദിവസം പ്രതിദിന രോഗബാധ ഇരട്ടിയായി. ഒമിക്രോണ്‍ സ്ഥിരീകരിച്ചവരുടെ എണ്ണം 230 ആയി. രണ്ടാം തരംഗത്തിന്റെ പോലെ രോഗവ്യാപനം അതിതീവ്രമാകില്ലെങ്കിലും രോഗികളുടെ എണ്ണത്തില്‍ വലിയ വര്‍ധനവ് രേഖപ്പെടുത്തുമെന്നാണ് ആരോഗ്യവകുപ്പ് വിലയിരുത്തുന്നത്. നീണ്ട ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്തെ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം വീണ്ടും പതിനായിരത്തിലേക്ക് എത്താന്‍ സാധ്യതയുണ്ടെന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തല്‍. 
 
ജനുവരി ഒന്ന് ശനിയാഴ്ച കേരളത്തിലെ കോവിഡ് രോഗികളുടെ എണ്ണം 2,435 ആയിരുന്നു. പിന്നീട് എല്ലാ ദിവസവും പ്രതിദിന കോവിഡ് കേസുകള്‍ ഉയര്‍ന്നു. ജനുവരി അഞ്ച് ബുധനാഴ്ചയിലേക്ക് എത്തിയപ്പോള്‍ രോഗികളുടെ എണ്ണം 4,801 ലേക്ക് എത്തി. ടിപിആറും ഉയരുകയാണ്. ഈ നിലയില്‍ കോവിഡ് കര്‍വ് ഉയര്‍ന്നാല്‍ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം പതിനായിരത്തിലേക്ക് അടുക്കുമെന്നാണ് സൂചന. രണ്ട് മാസമായി സംസ്ഥാനത്ത് പ്രതിദിന രോഗബാധയും ടെസ്റ്റ് പൊസിറ്റിവിറ്റി നിരക്കും ക്രമമായി കുറയുകയായിരുന്നു.ശരാശരി 2500 ആയിരുന്നു പ്രതിദിന രോഗബാധ. ടി.പി.ആര്‍ 3.75 വരെ കുറഞ്ഞിരുന്നു. എന്നാല്‍ രണ്ട് ദിവസം കൊണ്ട് അത് കുത്തനെ ഉയര്‍ന്നു.
 
പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 10,000 കടന്നാല്‍ കേരളത്തില്‍ ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. അടുത്ത ആഴ്ചയിലെ കോവിഡ് കര്‍വ് പരിശോധിച്ചായിരിക്കും നടപടി. നൈറ്റ് കര്‍ഫ്യു, വാരാന്ത്യ ലോക്ക്ഡൗണ്‍ തുടങ്ങിയ നിയന്ത്രണങ്ങളും കേരളം ആലോചിക്കുന്നുണ്ട്. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article