ഡാമുകളിൽ ഇപ്പോൾ തന്നെ പതിവിലധികം ജലം, മൺസൂൺ ശക്തമായാൽ ജലനിരപ്പ് കുറയ്‌ക്കുന്നത് ദുഷ്‌കരം

Webdunia
ഞായര്‍, 23 മെയ് 2021 (09:35 IST)
സംസ്ഥാനത്ത് ഡാമുകളിലെല്ലാം പതിവിലധികം ജലനിരപ്പ് ഉള്ള സാഹചര്യത്തിൽ കാലവർഷമെത്തുംമുമ്പേ ഡാമുകളിലെ ജലനിരപ്പ് കുറയ്ക്കുന്നത് പ്രയാസകരമെന്ന് റിപ്പോർട്ട്. നിലവിൽ സംസ്താനത്തെ വലിയ ഡാമുകളിലെല്ലാം 35-40 ശതമാനം വെള്ളമുണ്ട്. സാധാരണഗതിയിൽ മേയ് 31ആവുമ്പോൾ 10 ശതമാനം വെള്ളമാണ് ഉണ്ടാവാറുള്ളത്.  
 
വേനൽമഴയ്ക്കൊപ്പം ടൗട്ടേ ചുഴലിക്കാറ്റിനോടനുബന്ധിച്ചെത്തിയ ശക്തമായ മഴയാണ് ജലനിരപ്പ് ഉയരാൻ കാരണമായത്. പുഴകൾ നിറഞ്ഞതിനാൽ അധിക വൈദ്യുത ഉത്പാദനത്തിലൂടെ കൂടുതൽവെള്ളം പുറത്തേക്ക് ഒഴുക്കുന്നതിന് പരിമിതിയുണ്ട്. പൂർണതോതിൽ വൈദ്യുതി ഉത്‌പാദിപ്പിച്ചാൽ തന്നെയുംമേയ് 31 ആകുമ്പോഴേക്കും പരമാവധി 20-25 ശതമാനത്തിൽ മാത്രമാണ് ജലസംഭരണം എത്തിക്കാനാവുക.
 
2018 പ്രളയമഴയ്‌ക്ക് മുൻപ് ഡാമുകളിൽ ജലനിരപ്പ് 23.77 ശതമാനമായിരുന്നു. ഡാമുകളിലെ വെള്ളം കൈകാര്യം ചെയ്തതിലെ അശാസ്ത്രീയതയാണ് 2018-ലെ പ്രളയത്തിന്റെ രൂക്ഷത വർദ്ധിപ്പിച്ചത് എന്ന ബെംഗളൂരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് പഠനത്തിൽ കണ്ടെത്തിയിരുന്നു. ഡാം മാനേജ്‌മെന്റ് കൃത്യമായി നടപ്പിലാക്കണമെന്ന് കേന്ദ്രജല കമ്മിഷന്റെ റിപ്പോർട്ടിലും നിർദേശമുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് ഡാമുകളിലെ ഉയർന്ന ജലനിരപ്പ് ആശങ്ക സൃഷ്ടിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article