കേരള മോഡല്‍ തമിഴ്‌നാട്ടിലും; ഇനി 'കോളനി' പ്രയോഗമില്ല, സ്റ്റാലിന്റെ ചരിത്ര പ്രഖ്യാപനം

രേണുക വേണു

ബുധന്‍, 30 ഏപ്രില്‍ 2025 (09:16 IST)
MK Stalin

കേരളത്തിനു പിന്നാലെ 'കോളനി' പ്രയോഗം തിരുത്തി തമിഴ്‌നാടും. ദളിതര്‍ താമസിക്കുന്ന മേഖലകളെ 'കോളനി' എന്ന വാക്ക് കൊണ്ട് വിശേഷിപ്പിക്കുന്നത് നിര്‍ത്താന്‍ തീരുമാനമായി. മുഖ്യമന്ത്രി എം.കെ.സ്റ്റാലിനാണ് ഇക്കാര്യം നിയമസഭയില്‍ പറഞ്ഞത്. 
 
ഔദ്യോഗിക രേഖകളില്‍ നിന്നും ദൈനംദിന ഉപയോഗത്തില്‍ നിന്നും ഈ വാക്ക് പൂര്‍ണമായി നിര്‍മാര്‍ജനം ചെയ്യും. സര്‍ക്കാര്‍ ഉത്തരവുകളിലും രേഖകളിലും കോളനി പരാമര്‍ശം ഒഴിവാക്കുമെന്നും സ്റ്റാലിന്‍ പറഞ്ഞു. കോളനി എന്ന പ്രയോഗം ചരിത്രപരമായ അടിച്ചമര്‍ത്തലിന്റെയും ജാതി വിവേചനത്തിന്റെയും പ്രതീകമാണെന്നും അദ്ദേഹം പറഞ്ഞു. 
 
' ഈ മണ്ണിലെ പുരാതന ജനതയെ അപമാനിക്കുന്നതിനുള്ള വിശേഷണമായി 'കോളനി' എന്ന പ്രയോഗം മാറിയിരിക്കുന്നു. ഈ വാക്ക് അടിച്ചമര്‍ത്തലിന്റെ പ്രതീകമായും തൊട്ടുകൂടായ്മയുടെ പരിച്ഛേദവുമായി മാറിയിരിക്കുന്നതിനാല്‍ സര്‍ക്കാര്‍ രേഖകളില്‍ നിന്നും പൊതുഉപയോഗത്തില്‍ നിന്നും അത് നീക്കം ചെയ്യാനുള്ള നടപടികള്‍ ഉടന്‍ സ്വീകരിക്കും,' സ്റ്റാലിന്‍ നിയമസഭയില്‍ പറഞ്ഞു. 
 
2024 ല്‍ കേരളവും സമാനമായ നിലപാട് സ്വീകരിച്ചിരുന്നു. പട്ടികജാതി, പട്ടികവര്‍ഗ വകുപ്പ് മന്ത്രിയായിരുന്ന കെ.രാധാകൃഷ്ണന്‍ ആണ് കേരളത്തില്‍ ഇതു സംബന്ധിച്ച ചരിത്ര തീരുമാനമെടുത്തത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍