വരുന്നു 'യാസ്'; ടൗട്ടെയ്ക്ക് പിന്നാലെ അടുത്ത ചുഴലിക്കാറ്റ്, 23 ന് ന്യൂനമര്‍ദം
ബുധന്‍, 19 മെയ് 2021 (09:27 IST)
ടൗട്ടെയ്ക്ക് പിന്നാലെ അടുത്ത ചുഴലിക്കാറ്റ് വരുന്നു. യാസ് എന്നാണ് പുതിയ ചുഴലിക്കാറ്റിന്റെ പേര്. ഒമാന്‍ നല്‍കിയ പേരാണിത്. 'നിരാശ' എന്നാണ് ഇതിന്റെ അര്‍ത്ഥം.
യാസ് ചുഴലിക്കാറ്റിന്റെ സ്വാധീനത്താല്‍ കേരളത്തില്‍ ശക്തമായ മഴയും കടല്‍ക്ഷോഭവും ഉണ്ടായേക്കാം. അടുത്ത ആഴ്ചയോടെ മഴ വീണ്ടും കനക്കുമെന്ന് കാലാവസ്ഥ നിരീക്ഷകര്‍ മുന്നറിയിപ്പ് നല്‍കി.
മേയ് 23 ന് ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദം രൂപംകൊള്ളാന്‍ സാധ്യതയുണ്ടെന്നാണ് പ്രവചനം. ഈ ന്യൂനമര്‍ദം ശക്തിപ്രാപിച്ച് യാസ് ചുഴലിക്കാറ്റായി മാറുമെന്നും മുന്നറിയിപ്പ്.
യാസ് രൂപപ്പെട്ടാല്‍ തെക്കന്‍ കേരളത്തില്‍ 25 മുതല്‍ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. തൊട്ടടുത്ത ദിവസം മുതല്‍ മഴ വടക്കന്‍ കേരളത്തിലേക്കും കര്‍ണാടകയിലേക്കും വ്യാപിക്കുമെന്നാണു കണക്കുകൂട്ടല്‍.