ടൗട്ടെ ചുഴലിക്കാറ്റ്: വടക്കന്‍ ജില്ലകളില്‍ ഒറ്റപ്പെട്ട മഴയ്ക്ക് ഇന്നും കൂടി സാധ്യത

ശ്രീനു എസ്

ചൊവ്വ, 18 മെയ് 2021 (09:43 IST)
ടൗട്ടെ ചുഴലിക്കാറ്റുമൂലം വടക്കന്‍ ജില്ലകളില്‍ ഒറ്റപ്പെട്ട മഴയ്ക്ക് ഇന്നും കൂടി സാധ്യതയുണ്ട്. ഉയര്‍ന്ന തിരമാലക്കും കടലാക്രമണത്തിനുമുള്ള സാധ്യത മുന്നറിയിപ്പാണ് സംസ്ഥാനത്തിന് നല്‍കിയിരിക്കുന്നതെന്ന് മുഖ്യമന്ത്രി അറിയിച്ചു. തീരദേശ വാസികള്‍ ജാഗ്രത തുടരണം.
തിങ്കളാഴ്ച പകല്‍ മൂന്നുമണി വരെയുള്ള കണക്ക് പ്രകാരം സംസ്ഥാനത്തെ 175 ദുരിതാശ്വാസ ക്യാമ്പുകളിലായി 1479 കുടുംബങ്ങളില്‍പ്പെട്ട 5235 പേരുണ്ട്. അതില്‍ 2034 പുരുഷന്‍മാരും 2191 സ്ത്രീകളും 1010 കുട്ടികളുമാണ്. ഏറ്റവും കൂടുതല്‍ പേരുള്ളത് എറണാകുളത്തും തിരുവനന്തപുരത്തുമാണ്- 1427ഉം 1180ഉം പേര്‍ വീതം.
 
മെയ് 12 മുതല്‍ തിങ്കളാഴ്ച വരെ സംസ്ഥാനത്ത് മഴക്കെടുതിയില്‍ തിരുവനന്തപുരത്തും കോഴിക്കോട്ടും 2 പേര്‍ വീതവും ആലപ്പുഴ, എറണാകുളം, ഇടുക്കി എന്നിവടങ്ങളില്‍ ഓരോ പേരും ഉള്‍പ്പടെ 7 പേര്‍ മരണമടഞ്ഞു. ടൗട്ടെ ചുഴലിക്കാറ്റിന്റെ ഫലമായി സംസ്ഥാനത്ത് ആകെ 14,444.9 ഹെക്ടര്‍ കൃഷി നശിച്ചു എന്നാണ് കണക്കാക്കുന്നത്. 310.3 കിലോമീറ്റര്‍ എല്‍എസ്ജിഡി റോഡുകള്‍ തകര്‍ന്നു. 34 അങ്കണവാടികള്‍, 10 സ്‌കൂളുകള്‍, 11 പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ എന്നിവയ്ക്ക് നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. സംസ്ഥാനത്താകെ 1464 വീടുകള്‍ ഭാഗികമായും 68 പൂര്‍ണമായും മഴക്കെടുതിയില്‍ തകര്‍ന്നിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍