ടൗട്ടെ അതിതീവ്ര ചുഴലിക്കാറ്റ്: രാത്രി 8നും 11നും ഇടയില്‍ കരയിലേക്ക്, ഗുജറാത്ത്, ദിയു തീരങ്ങള്‍ക്ക് റെഡ് മെസ്സേജ്
'ടൗട്ടെ' മധ്യകിഴക്കന്‍ അറബിക്കടലില്‍ അതിതീവ്ര ചുഴലിക്കാറ്റായി മാറി. മധ്യകിഴക്കന്‍ അറബിക്കടലില്‍ ഉള്ള അതിതീവ്ര ചുഴലിക്കാറ്റ് കഴിഞ്ഞ 6 മണിക്കൂറായി മണിക്കൂറില്‍ 15 കി.മീ വേഗതയില്‍ വടക്ക്-വടക്കു പടിഞ്ഞാറു ദിശയില്‍ സഞ്ചരിച്ച് 17 മെയ് 2021 ന് ഉച്ചക്ക് 2.30 ന് മധ്യകിഴക്കന്‍ അറബിക്കടലില്‍ 19.6°N അക്ഷാംശത്തിലും 71.4°E രേഖാംശത്തിലും എത്തിയിരിക്കുന്നു. മുംബൈ തീരത്തുനിന്ന് 165 കി.മീ പടിഞ്ഞാറ് -വടക്കു പടിഞ്ഞാറു മാറിയും, തെക്ക് കിഴക്കു ദിശയില്‍ വേരാവല്‍ (ഗുജറാത്ത് ) തീരത്തു നിന്ന് 180 കി.മീയും ദിയുവില്‍ നിന്ന് 165 കി.മീ തെക്ക് -തെക്കു കിഴക്കായും പാക്കിസ്ഥാനിലെ കറാച്ചിയില്‍ നിന്നും 350 കി.മീ കിഴക്കു-തെക്കു കിഴക്കു ദിശയിലായാണ് ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ സ്ഥിതി ചെയ്യുന്നത്.
ഈ അതിതീവ്ര ചുഴലിക്കാറ്റ് വടക്ക് - വടക്കു പടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ച് ഇന്ന് രാത്രി 8 മണിയ്ക്കും 11 മണിയ്ക്കും ഇടയില്‍ ഗുജറാത്തിലെ പോര്‍ബന്ദര്‍, മഹുവ (ഭാവ്‌നഗര്‍ ജില്ല ) തീരങ്ങള്‍ക്കിടയിലൂടെ ദിയുവിന് കിഴക്കു ദിശയില്‍കൂടി അതിതീവ്ര ചുഴലിക്കാറ്റായി മണിക്കൂറില്‍ പരമാവധി 185 കിലോമീറ്റര്‍ വരെ വേഗതയില്‍ കരയിലേക്ക് പ്രവേശിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ചുഴലിക്കാറ്റ് നിരീക്ഷണ കേന്ദ്രം അറിയിക്കുന്നു.
കേരള തീരത്ത് ചുഴലിക്കാറ്റിന്റെ സ്വാധീനം ഇന്ന് വരെ തുടരുമെന്നതിനാല്‍ അതിശക്തമായ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. വിവിധ ജില്ലകളില്‍ യെല്ലോ അലെര്‍ട്ടുകള്‍ പ്രഖ്യാപിച്ചിരിക്കുന്നു. കടലാക്രമണം, ശക്തമായ ഇടിമിന്നല്‍ തുടങ്ങിയ അപകട സാധ്യതകളെ സംബന്ധിച്ചും ജാഗ്രത പാലിക്കണം.