ജലജീവന്‍: നൂറു ദിവസത്തിനുള്ളില്‍ ഒന്നര ലക്ഷം കുടിവെള്ള കണക്ഷന്‍ നല്‍കാന്‍ ഒരുക്കം

ശ്രീനു എസ്
ബുധന്‍, 12 ഓഗസ്റ്റ് 2020 (21:01 IST)
ജലജീവന്‍ പദ്ധതിക്കു കീഴില്‍ ഗ്രാമീണമേഖലയില്‍ അടുത്ത നൂറു ദിവസങ്ങള്‍ക്കുള്ളില്‍ ഒന്നരലക്ഷം ഗാര്‍ഹിക കുടിവെള്ള കണക്ഷനുകള്‍ നല്‍കാനുള്ള നടപടികള്‍ അതിവേഗം പൂര്‍ത്തിയാക്കാന്‍ ജലവിഭവ വകുപ്പു മന്ത്രി ശ്രീ. കെ. കൃഷ്ണന്‍ കുട്ടി വാട്ടര്‍ അതോറിറ്റി ഉന്നതോദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.  പഞ്ചായത്തു തലത്തില്‍ പദ്ധതിനിര്‍വഹണം വേഗത്തിലാക്കാന്‍ തദ്ദേശസ്വയംഭരണ വകുപ്പു മന്ത്രിയുമായി ഉടന്‍ യോഗം നടത്തി സംയുക്ത തീരുമാനം കൈക്കൊള്ളുമെന്നും മന്തി അറിയിച്ചു. ജല ജീവന്‍ മിഷന്‍ പദ്ധതികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം ലഭിക്കുന്നതിനുള്ള സ്റ്റേറ്റ് ലെവല്‍ സ്‌കീം സാങ്ഷനിങ് കമ്മിറ്റി നാളെ യോഗം ചേരും. ഭരണാനുമതി ലഭ്യമായതിനു ശേഷം പദ്ധതികള്‍ക്ക് സാങ്കേതികാനുമതി നല്‍കി ടെന്‍ഡര്‍ നടപടികള്‍ സ്വീകരിക്കും. 
 
പദ്ധതിയുടെ നടത്തിപ്പു പുരോഗതി സംബന്ധിച്ച് മുഖ്യമന്ത്രി കഴിഞ്ഞയാഴ്ച മന്ത്രിമാരും ഉന്നതോദ്യോഗസ്ഥരുമായി അവലോകനയോഗം നടത്തിയിരുന്നു. പദ്ധതികളുടെ അനുമതികള്‍ എത്രയും വേഗം നല്‍കണമെന്നും ഈ വര്‍ഷം 21.42 ലക്ഷം കണക്ഷന്‍ നല്‍കുന്നതിനുള്ള ടെന്‍ഡര്‍ നടപടികള്‍ വേഗത്തില്‍ കൈകൊള്ളണമെന്നും പദ്ധതിക്ക് ആവശ്യമായ പണം ആവശ്യാനുസരണം ലഭ്യമാക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്. പദ്ധതികളുടെ നിര്‍വഹണ മേല്‍നോട്ടത്തിന് പഞ്ചായത്ത് പ്രസിഡന്റുമാര്‍ അധ്യക്ഷരായി പഞ്ചായത്തു തല മേല്‍നോട്ട സമിതി രൂപീകരിക്കുവാനും മുഖ്യമന്ത്രി നിര്‍ദേശിച്ചു. എം.എല്‍. എ മാരുടെ ആസ്തി വികസന ഫണ്ട് ജല ജീവന്‍ മിഷന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗപ്പെടുത്താവുന്നതാണെന്ന് വ്യക്തമാക്കി സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കിയിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

Next Article