കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസിലെ പ്രതിയായ ദിലീപിനെ താരസംഘടനയായ അമ്മയിലേക്ക് തിരിച്ചെടുത്തതുമായി ബന്ധപ്പെട്ട വിവാദത്തില്‍ പുറത്തു വന്ന ശബ്ദരേഖ തന്റേത് തന്നെയാണെന്ന് ഗണേഷ് കുമാര്‍ എംഎല്‍എ.
വാട്സ് ആപ്പ് സന്ദേശത്തിലുള്ളത് തന്റെ ശബ്ദമാണ്. ശബ്ദരേഖയില്‍ പറഞ്ഞ കാര്യങ്ങളില്‍ ഉറച്ച് നില്‍ക്കുന്നു. ശബ്ദരേഖ പുറത്ത് പോയത് എങ്ങനെയെന്ന് അന്വേഷിക്കുമെന്നും അമ്മയുടെ വൈസ് പ്രസിഡന്റുമാരിലൊരാളായ ഗണേഷ് പറഞ്ഞു.
ദിലീപിനെ അമ്മയിലേക്ക് തിരിച്ചെടുക്കാനുള്ള തീരുമാനത്തിൽ താൻ പങ്കാളിയല്ല. ഇക്കാര്യത്തില്‍ മാധ്യമങ്ങൾ തന്നെ വേട്ടയാടുകയാണ്. ഇതുകൊണ്ടൊന്നും അമ്മയെ തകർക്കാമെന്ന് ആരും കരുതേണ്ടെന്നും ഗണേഷ് വ്യക്തമാക്കി.
രാജിവെച്ച നടിമാര്‍ സിനിമയിലോ സംഘടനയിലോ സജീവമല്ലെന്നും ഇവര്‍ പുറത്ത് പോകുന്നതും പുതിയ സംഘടനയുണ്ടാക്കുന്നതും നല്ല കാര്യമാണെന്നുമാണ് അമ്മയുടെ ജനറല്‍ സെക്രട്ടറിയായ ഇടവേള ബാബുവിന് അയച്ച ശബ്ദ സന്ദേശത്തിൽ ഗണേഷ് പറയുന്നത്.
സംഘടനയുടെ മെഗാ ഷോയിലും ഈ നടിമാര്‍ സഹകരിച്ചിട്ടില്ല. ഈ നടിമാര്‍ സ്ഥിരമായി പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നവരാണ്. നടിമാര്‍ സംഘടനയോടെ ശത്രുത ഉള്ളവരാണ്. സിനിമയിലെ നടീനടന്മാരുടെ ക്ഷേമത്തിന് വേണ്ടിയാണ് അമ്മ രൂപീകരിച്ചത്. ജനപിന്തുണ തേടി പ്രവര്‍ത്തിക്കാന്‍ ഇത് രാഷ്ട്രീയ പ്രസ്ഥാനമല്ലെന്നും ഗണേഷ് സന്ദേശത്തില്‍ പറയുന്നുണ്ട്.