ആദ്യ ചരക്കുകപ്പല്‍ വിഴിഞ്ഞം തീരത്ത്. മൂവായിരം കണ്ടെയ്‌നറുകളുമായി പടുകൂറ്റന്‍ കപ്പല്‍ സാന്‍ ഫെര്‍ണാണ്ടോയാണ് വിഴിഞ്ഞം തീരത്ത് എത്തിയിരിക്കുന്നത്. ചൈനയില്‍ നിന്നുള്ള ചരക്കുകപ്പല്‍ ആണിത്. നാളെ രാവിലെ വാട്ടര്‍ സല്യൂട്ട് നല്‍കി മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ കപ്പലിനെ തുറമുഖത്തേക്ക് സ്വീകരിക്കും. അതിനുശേഷമാകും ട്രയല്‍ റണ്‍. 3000 കണ്ടെയ്‌നറികളില്‍ 1500 കണ്ടെയ്‌നറുകള്‍ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് ഇറക്കും. കേന്ദ്ര ഷിപ്പിംഗ് മന്ത്രിയും സംസ്ഥാന മന്ത്രിമാരും ജനപ്രതിനിധികളും ഉള്‍പ്പെടെയുള്ളവര്‍ ആഘോഷ പരിപാടികളില്‍ പങ്കെടുക്കും.
അത്യാധുനിക ഉപകരണങ്ങളും ഓട്ടോമേഷന്‍,ഐടി സംവിധാനങ്ങളുമുള്ള ഇന്ത്യയിലെ ആദ്യ സെമി ഓട്ടോമേറ്റഡ് തുറമുഖമായ വിഴിഞ്ഞം സെപ്റ്റംബര്‍-ഒക്ടോബര്‍ മാസത്തില്‍ കമ്മീഷന്‍ ചെയ്യാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. സംസ്ഥാനസര്‍ക്കാര്‍ പൊതു സ്വകാര്യപങ്കാളിത്ത (പിപിപി) മോഡില്‍ നടപ്പാക്കുന്ന സാമ്പത്തിക അടിസ്ഥാന സൗകര്യപദ്ധതിയായ വിഴിഞ്ഞം കേരളത്തിലെ എക്കാലത്തെയും വലിയ സ്വകാര്യമേഖല നിക്ഷേപമാണ്. വി.എസ്.അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരുന്ന സമയത്താണ് വിഴിഞ്ഞം പദ്ധതിക്ക് തുടക്കം കുറിച്ചത്.