ക്ഷേത്ര പരിസരത്ത് മൂത്രമൊഴിക്കുന്നത് ചോദ്യം ചെയ്തതിന് വിദ്യാര്‍ത്ഥിയെ കാറിടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രിയരഞ്ജന് ജീവപര്യന്തം തടവും 10 ലക്ഷം രൂപ പിഴയും

സിആര്‍ രവിചന്ദ്രന്‍

ചൊവ്വ, 6 മെയ് 2025 (16:54 IST)
ക്ഷേത്ര പരിസരത്ത് മൂത്രമൊഴിക്കുന്നത് ചോദ്യം ചെയ്തതിന് പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ പൂവച്ചല്‍ സ്വദേശി പ്രിയരഞ്ജന് കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. പൂവച്ചലിലെ അരുണ്‍ കുമാറിന്റെയും ദീപയുടെയും മകന്‍ ആദിശേഖര്‍ (15) ആണ് കൊല്ലപ്പെട്ടത്. തിരുവനന്തപുരം ആറാം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. കോടതി 10 ലക്ഷം രൂപ പിഴയും വിധിച്ചു.
 
2023 ഓഗസ്റ്റ് 30 നാണ് ആദിശേഖറിനെ കാറിടിച്ച് കൊലപ്പെടുത്തിയത്. പുളിങ്കോട് ക്ഷേത്രത്തിലെ സിസിടിവി ക്യാമറയില്‍ കൊലപ്പെടുത്തുന്ന ദൃശ്യങ്ങള്‍ പതിഞ്ഞിരുന്നു. 'അമ്മാവാ... ഇവിടെ മൂത്രമൊഴിക്കുന്നത് ശരിയാണോ?' എന്ന ആദിശേഖറിന്റെ നിഷ്‌കളങ്കമായ ചോദ്യത്തില്‍ നിന്നുള്ള പകയാണ് കൊലപാതകത്തിലേക്ക് നയിച്ചത്. സുഹൃത്തുക്കളോടൊപ്പം കളിച്ചുകൊണ്ടിരുന്ന ആദിശേഖര്‍ വീട്ടിലേക്ക് മടങ്ങുമ്പോഴാണ് സംഭവം. ആദിശേഖറിനെ പ്രിയരഞ്ജന്‍ മനഃപൂര്‍വ്വം 'തന്റെ ഇലക്ട്രിക് കാര്‍ (KL 19 N 6957)ഉപയോഗിച്ച് ഇടിച്ചുവീഴ്ത്തുന്നത് ദൃശ്യങ്ങളില്‍ കാണാം.
പ്രതി പ്രിയരഞ്ജന്‍ മദ്യപാനിയാണെന്നും സംഭവസമയത്ത് മദ്യപിച്ചിരുന്നതായും മുന്‍കൂട്ടി ആസൂത്രണം ചെയ്ത കൊലപാതകമാണെന്നും പോലീസ് അന്വേഷണത്തില്‍ തെളിഞ്ഞു. 
 
അപകട മരണമായി ആദ്യം രജിസ്റ്റര്‍ ചെയ്ത കേസ്, കുട്ടിയുടെ കുടുംബം സംശയം പ്രകടിപ്പിച്ചതിനെത്തുടര്‍ന്ന് കൊലപാതകമായി കണക്കാക്കി. സംഭവത്തിനുശേഷം തമിഴ്നാട്ടിലേക്ക് ഒളിച്ചോടിയ പ്രിയരഞ്ജനെ കന്യാകുമാരിയില്‍ നിന്ന് അറസ്റ്റ് ചെയ്തു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍