Mock drill in India Live Updates: മോക്ക് ഡ്രില്ലിനു ഇനി മണിക്കൂറുകള്‍ മാത്രം; ഇക്കാര്യങ്ങള്‍ കരുതുക

രേണുക വേണു

ചൊവ്വ, 6 മെയ് 2025 (20:31 IST)
Mock drill in India Live Updates: അടിയന്തര സാഹചര്യങ്ങളെ എങ്ങനെ നേരിടണം എന്നതിനെ കുറിച്ച് പൊതുജനങ്ങളില്‍ അവബോധമുണ്ടാക്കുകയാണ് മോക്ക് ഡ്രില്‍ കൊണ്ട് ഉദ്ദേശിക്കുന്നത്. പഹല്‍ഗാം ഭീകരാക്രമണത്തിനു പിന്നാലെ ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ബന്ധം കൂടുതല്‍ മോശമായിരിക്കുകയാണ്. യുദ്ധസമാന സാഹചര്യമെന്നാണ് ഇന്ത്യന്‍ ആഭ്യന്തര മന്ത്രാലയം ഇപ്പോഴത്തെ സ്ഥിതിഗതികളെ വിലയിരുത്തുന്നത്. ഇതാണ് മോക്ക് ഡ്രില്ലിലേക്ക് വഴി തുറന്നത്. 
 
രാജ്യത്ത് 244 ജില്ലകളിലാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ കീഴില്‍ നാളെ (മേയ് ഏഴ്) മോക്ക് ഡ്രില്‍ സംഘടിപ്പിച്ചിരിക്കുന്നത്. ഉടന്‍ ഒരു യുദ്ധം ഉണ്ടാകുമെന്നല്ല മോക്ക് ഡ്രില്‍ കൊണ്ട് അര്‍ത്ഥമാക്കുന്നത്. മറിച്ച് ഒരു അടിയന്തര സാഹചര്യമുണ്ടായാല്‍ എങ്ങനെ പ്രതികരിക്കണം എന്നുള്ളതിന്റെ 'ഡ്രസ് റിഹേഴ്‌സല്‍' ആണിത്. 
 
പാക്കിസ്ഥാനുമായി രാജ്യാന്തര അതിര്‍ത്തി പങ്കിടുന്ന ഗുജറാത്ത്, രാജസ്ഥാന്‍, പഞ്ചാബ്, ജമ്മു കശ്മീര്‍ എന്നിവിടങ്ങളിലെ ജില്ലകളില്‍ മോക്ക് ഡ്രില്‍ നടക്കുന്നുണ്ട്. കേരളത്തിലും മോക്ക് ഡ്രില്‍ നടക്കും. ജനങ്ങളിലെ ഭയം ഒഴിവാക്കുകയാണ് മോക്ക് ഡ്രില്‍ കൊണ്ട് ഉദ്ദേശിക്കുന്നത്. 
 
മോക്ക് ഡ്രില്ലിന്റെ ഭാഗമായി മൊബൈല്‍ സിഗ്നലുകള്‍ നഷ്ടപ്പെട്ടേക്കാം. മോക്ക് ഡ്രില്‍ നടക്കുന്ന ചില നഗരങ്ങളില്‍ ഗതാഗത നിയന്ത്രണം ഉണ്ടാകും. ചിലയിടങ്ങളില്‍ വൈദ്യുതി നഷ്ടപ്പെടാനും സാധ്യതയുണ്ട്. ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടെന്നും അധികാരികള്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അടിസ്ഥാന ആവശ്യങ്ങളായ വെള്ളം, മരുന്ന്, ഭക്ഷണം എന്നിവ കരുതുക. അടിസ്ഥാനരഹിതമായ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍