രംഗറെഡ്ഡി ജില്ലയിലെ ഇബ്രാഹിംപട്ടണത്തുള്ള ഒരു സ്വകാര്യ ആശുപത്രിയിലെ നഴ്സിംഗ് ജീവനക്കാര്‍ ഗര്‍ഭിണിയായ സ്ത്രീക്ക് സിസേറിയന്‍ നടത്തിയതായി റിപ്പോര്‍ട്ട്. സിസേറിയന്‍ സമയത്ത് ആശുപത്രിയില്‍ ഇല്ലാതിരുന്ന ഗൈനക്കോളജിസ്റ്റ് ഫോണില്‍ വീഡിയോ കോളിലൂടെ നിര്‍ദ്ദേശങ്ങള്‍ നല്‍കിയതിന് അനുസരിച്ച് നഴ്‌സിംഗ് ജീവനക്കാര്‍ നടത്തിയെന്നാണ് ആരോപണം. 30 വയസ്സുകാരിയായ സ്ത്രീക്കാണ് സിസേറിയന്‍ നടത്തിയത്.
18 ആഴ്ച പ്രായമായ കുഞ്ഞുങ്ങളെയാണ് സിസേറിയനിലൂടെ പുറത്തെടുത്തത്. ജനിച്ച് മണിക്കൂറുകള്‍ക്കു ശേഷം ഇരട്ടക്കുട്ടികള്‍ മരിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് യുവതിയുടെ ബന്ധുക്കള്‍ ആശുപത്രിക്ക് നേരെ ആരോപണവുമായി എത്തുകയും പ്രതിഷേധിക്കുകയും ചെയ്തു. ഐവിഎഫ് ചികിത്സയിലൂടെ ഗര്‍ഭം ധരിച്ചതാണ് യുവതി. ഗര്‍ഭാവസ്ഥയില്‍ ഉണ്ടായ അടിയന്തര സാഹചര്യത്തില്‍ തുടര്‍ന്നാണ് ആശുപത്രിയില്‍ എത്തിയത്. എന്നാല്‍ ആശുപത്രിയില്‍ മെഡിക്കല്‍ ഓഫീസര്‍മാര്‍ ഒന്നും തന്നെ ഇല്ലായിരുന്നുവെന്നും തുടര്‍ന്ന് ഡോക്ടറുടെ വീഡിയോ കോള്‍ നിര്‍ദേശപ്രകാരം നേഴ്‌സിങ് ജീവനക്കാരാണ് സിസേറിയന്‍ നടത്തിയതെന്നും യുവതിയുടെ ബന്ധുക്കള്‍ ആരോപിക്കുന്നു.
സംഭവവികാസങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന്, രംഗറെഡ്ഡി ജില്ലയിലെ ജില്ലാ മെഡിക്കല്‍ ആന്‍ഡ് ഹെല്‍ത്ത് ഓഫീസര്‍ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ സ്വകാര്യ ആശുപത്രിയില്‍ പരിശോധന നടത്തി. സ്വകാര്യ ആശുപത്രിക്കും ഡോക്ടര്‍ക്കും എതിരെ യുവതിയുടെ ബന്ധുക്കള്‍ പരാതി നല്‍കിയിട്ടുണ്ട്.