തമിഴ്നാട്ടുകാർ തല എന്ന് സ്നേഹത്തോടെ വിളിക്കുന്ന നടന്‍ അജിത് കുമാർ ആശുപത്രിയിലെന്ന് റിപ്പോര്‍ട്ടുകള്‍. രാഷ്ട്രപതിയില്‍ നിന്നും പദ്മഭൂഷന്‍ ഏറ്റുവാങ്ങി ചെന്നൈയില്‍ എത്തിയതിന് പിന്നാലെയാണ് താരം അപ്പോളോ ആശുപത്രിയില്‍ ചികിത്സ തേടിയത്. കാലിന് പരുക്കേറ്റതിനെ തുടര്‍ന്നാണ് താരം ചികിത്സ തേടിയതെന്നും റിപ്പോര്‍ട്ടുകള്‍ എത്തുന്നുണ്ട്.
പദ്മഭൂഷണ്‍ സ്വീകരിച്ച് മടങ്ങി വരവെ ചെന്നൈ വിമാനത്താവളത്തില്‍ വന്‍ ജനക്കൂട്ടം അജിതിനെ കാണാൻ കാത്തിരുന്നു. നടനെ കണ്ടതും ആരാധകർ ആവേശത്തോടെ വളഞ്ഞിരുന്നു. ഇതിനിടെ താരത്തിന് കാലില്‍ പരിക്കേല്‍ക്കുകയും ചെയ്തു. അതിനാല്‍ ഫിസിയോതെറാപ്പിക്കായാണ് നടന്‍ ആശുപത്രിയില്‍ എത്തിയത് എന്നാണ് സൂചന. കാര്യമായ അപകടം ഇല്ലെന്നും ഇന്ന് അജിത്തിനെ ഡിസ്ചാര്‍ജ് ചെയ്യുമെന്നുമാണ് ലഭിക്കുന്ന സൂചന. ആശങ്കപ്പെടേണ്ട കാര്യമില്ല എന്നും നടനോട് അടുത്ത വൃത്തങ്ങള്‍ പറയുന്നു.
അതേസമയം, കഴിഞ്ഞ ദിവസം അജിത്തിനെതിരെ നടന്റെ മുൻകാമുകി ഹീര രാജഗോപാൽ രംഗത്ത് വന്നിരുന്നു. മുന്നറിയിപ്പില്ലാതെ നടൻ താനുമായി ബ്രേക്കപ്പ് ചെയ്‌തെന്നും തനിക്കെതിരെ വ്യാജ അപവാദ പ്രചാരണങ്ങൾ അഴിച്ചുവിട്ടുവെന്നുമായിരുന്നു ഹീര തുറന്നു പറഞ്ഞത്. താൻ മയക്കുമരുന്നിന് അടിമയാണെന്ന് പറഞ്ഞ് പരത്തിയത് ഈ നടനാണെന്നും ഹീര ആരോപിച്ചു. അജിത്തിന്റെ പേര് പറയാതെ അഴിയൂര്ന്നു ഹീരയുടെ ആരോപണം.