ചില ശക്‌തികൾ അസ്വസ്‌ഥരായിരുന്നു; മന്ത്രിസ്‌ഥാനം രാജിവെച്ചത് എന്തിനെന്ന് വ്യക്തമാക്കി ജയരാജന്‍

Webdunia
വെള്ളി, 14 ഒക്‌ടോബര്‍ 2016 (19:27 IST)
മന്ത്രിസ്‌ഥാനം രാജിവച്ചത് സർക്കാരിന്റെയും പാർട്ടിയുടെയും യശസിന് കളങ്കം വരുത്താതിരിക്കാനെന്ന് ഇപി ജയരാജൻ. കഴിഞ്ഞ നാലര മാസക്കാലത്തെ പ്രവർത്തനങ്ങൾ കേരളത്തിന്റെ വ്യവസായ വളർച്ചയും പുരോഗതിയും ലക്ഷ്യമിട്ടുള്ളതായിരുന്നു. വിവാദങ്ങൾക്കു പിന്നിൽ അഴമിതിക്കാരും രാഷ്ട്രീയ ശത്രുക്കളുമാണെന്നും അദ്ദേഹം പറഞ്ഞു.

വ്യവസായ വകുപ്പിലെ അഴിമതികൾക്കെതിരേ താൻ കർശന നടപടിയെടുത്തു. ഇതിൽ ചില ശക്‌തികൾ അസ്വസ്‌ഥരായിരുന്നു. ഇവർ പാർട്ടിയേയും സർക്കാരിനേയും കടന്നാക്രമിച്ചു. ഇങ്ങനെയൊരു സാഹചര്യം നിലനിർക്കെയാണ് പുതിയ വിവാദം ഉയർന്നുവന്നത്. തത്വാധിഷ്ടിത നിലപാട് ജനങ്ങളെ ബോധ്യപ്പെടുത്താനുള്ള അവസരമായി തന്റെ രാജി മാറിയിരിക്കുകയാണെന്ന് ജയരാജന്‍ വാർത്താക്കുറിപ്പിലൂടെ പറഞ്ഞു.

ചില വിവാദങ്ങൾ ഉയർത്തിക്കാട്ടി രാഷ്ട്രീയ ശത്രുക്കളും അഴിമതിക്കാരും സിപിഎമ്മിനെയും എൽഡിഎഫ് സർക്കാരിനെയും മുന്നണിയെയും കടന്നാക്രമിക്കുകയായിരുന്നു. ഈ സാഹചര്യം കണക്കിലെടുത്താണ് താന്‍ രാജിവെക്കുന്നതെന്നും ജയരാജൻ പറഞ്ഞു.
Next Article