പി ജയരാജനെ അപായപ്പെടുത്താനുള്ള ബിജെപി - ആര്‍എസ്എസ് ക്വട്ടേഷന് പിന്നിലുള്ള കാരണങ്ങള്‍ ഇത്

Webdunia
ഞായര്‍, 18 മാര്‍ച്ച് 2018 (10:50 IST)
സിപിഎം കണ്ണൂർ ജില്ലാസെക്രട്ടറി പി ജയരാജന് വധഭീഷണിയെന്ന് പൊലീസ് റിപ്പോർട്ട്. ആര്‍എസ്എസ്  പ്രവര്‍ത്തകനായ കതിരൂര്‍ സ്വദേശിയുടെ നേതൃത്വത്തില്‍ പണവും വാഹനവും നല്‍കി ക്വട്ടേഷന്‍ സംഘത്തെ ഏര്‍പ്പാടാക്കിയിട്ടുണ്ടെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ട്.

സിപിഎം പ്രവര്‍ത്തകനായ വാളാങ്കിച്ചാല്‍ മോഹനന്‍ വധക്കേസില്‍ പൊലീസ് അന്വേഷിക്കുന്ന പ്രനൂബ് ഉള്‍പ്പടെയുള്ള ബിജെപി - ആര്‍എസ്എസ് സംഘമാണ് ജയരാജനെ വധിക്കാന്‍ ക്വേട്ടേഷന്‍ എടുത്തിരിക്കുന്നതെന്നാണ് പൊലീസ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. സുരക്ഷ കുറഞ്ഞ സ്ഥലങ്ങളില്‍വെച്ച് ആക്രമിക്കുകയോ അല്ലെങ്കില്‍ ഏതെങ്കിലും പാര്‍ട്ടി ഓഫീസ് അക്രമിക്കുന്ന തരത്തിലുള്ള പദ്ധതിയിലൂടെ കൃത്യം നടത്താനുമാണ് സംഘം തീരുമാനിച്ചിരിക്കുന്നത്.

കതിരൂര്‍ മനോജ്, ധര്‍മടത്തെ രമിത്ത് വധങ്ങളിലുള്ള പ്രതികാരമാണ് ക്വട്ടേഷന് പിന്നിലുള്ളതെന്നും പൊലീസ് വ്യക്തമാക്കുന്നു. ഭീഷണിയെത്തുടര്‍ന്ന് കണ്ണൂര്‍ ജില്ലാ പൊലീസ് മേധാവി എല്ലാ സ്റ്റേഷനുകളിലേക്കും അടിയന്തര സന്ദേശം അയച്ചിട്ടുണ്ട്.

ജയരാജൻ ജില്ലയിൽ പങ്കെടുക്കുന്ന എല്ലാ പരിപാടികൾക്കും സുരക്ഷ വർദ്ധിപ്പിക്കാനും പൊലീസ് സർക്കുലറിൽ നിർദേശമുണ്ട്. രണ്ട് ഗൺമാന്മാരാണു നിലവിൽ ജയരാജനു സുരക്ഷയ്ക്കായി സർക്കാർ അനുവദിച്ചിരിക്കുന്നത്. ഇതു കൂട്ടണമെന്നും പൊലീസ് ആവശ്യപ്പെടും.

സംഘപരിവാര്‍ സംഘടനകളില്‍നിന്ന് ചോര്‍ന്നുകിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണെന്ന രീതിയിലാണ് രഹസ്യാന്വേഷണവിഭാഗം മുന്നറിയിപ്പ് നല്‍കുന്നത്. മോഹനന്‍ വധക്കേസില്‍ ഒളിവില്‍ പോയ പ്രതിയാണ് ആര്‍എസ്എസ് പ്രവര്‍ത്തകനായ പ്രനൂബ്.

അനുബന്ധ വാര്‍ത്തകള്‍

Next Article