ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായി തൃശൂര്‍ നഗരത്തില്‍ ഇന്ന് ബോണ്‍ നത്താലെ നടക്കും. തൃശൂര്‍ അതിരൂപതയും തൃശൂര്‍ പൗരാവലിയും ചേര്‍ന്നാണ് ബോണ്‍ നത്താലെ ആഘോഷം നടത്തുന്നത്. ബോണ്‍ നത്താലെയുടെ ഭാഗമായി ഇന്ന് തൃശൂര്‍ നഗരത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഉച്ചകഴിഞ്ഞ് രണ്ട് മണി മുതല്‍ തൃശൂര്‍ നഗരത്തിലും പരിസര പ്രദേശങ്ങളിലും ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കും. തൃശൂര്‍ നഗര പ്രദേശങ്ങളിലും, സ്വരാജ് റൗണ്ടിലും സമീപ റോഡുകളിലും രാവിലെ മുതല്‍ വാഹന പാര്‍ക്കിങ്ങ് അനുവദിക്കില്ലെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്.
കാലത്ത് 8.00 മണി മുതല്‍ 28.12.2024 തിയതി കാലത്ത് 8.00 മണിവരെ തൃശൂര്‍ കോര്‍പ്പറേഷന്‍ പരിധിയിലെ സ്വരാജ് റൗണ്ട്, തേക്കിന്‍കാട് മൈതാനം എന്നിവടങ്ങളില്‍ ഡ്രോണ്‍ ക്യാമറകളുടെ ചിത്രീകരണം പൂര്‍ണമായും നിരോധിച്ചിട്ടുണ്ട്. ഡ്രോണ്‍ ക്യാമറകളുടെ ഉപയോഗം പൊതുജന സുരക്ഷയെ ബാധിക്കുമെന്ന് ബോധ്യമായിട്ടുള്ളതിനാലാണ് 2021 ലെ ഡ്രോണ്‍ റൂളിലെ റൂള്‍ 24(2) പ്രകാരം ഡ്രോണ്‍ നിരോധനം ഏര്‍പെടുത്തിയിരിക്കുന്നതെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു.