വിസ്മയ കേസ് പ്രതി കിരണ്‍ കുമാറിന് 30 ദിവസത്തെ പരോള്‍ അനുവദിച്ചു. ജയില്‍ ഡിജിപിയാണ് പരോള്‍ അനുവദിച്ചത്. 10 വര്‍ഷത്തെ തടവിനു ശിക്ഷിക്കപ്പെട്ട കിരണ്‍ കുമാര്‍ പരോളിന് ആദ്യം അപേക്ഷ നല്‍കിയെങ്കിലും പോലീസ് റിപ്പോര്‍ട്ട് എതിരായതിനാല്‍ അപേക്ഷ ജയില്‍ സൂപ്രണ്ട് തള്ളുകയായിരുന്നു. വീണ്ടും അപേക്ഷ നല്‍കിയപ്പോള്‍ ജയില്‍ മേധാവിയുടെ പരിഗണനയ്ക്ക് സൂപ്രണ്ട് അപേക്ഷ വിട്ടു. പിന്നാലെയാണ് 30 ദിവസത്തെ പരോളിന് ജയില്‍ മേധാവി ബല്‍റാം കുമാര്‍ ഉപാധ്യായ അനുവദിച്ചത്.
പൂജപ്പുര സെന്‍ട്രല്‍ ജയിലാണ് കിരണ്‍കുമാറുള്ളത്. ഇത്രയും നീചമായ പ്രവര്‍ത്തി ചെയ്ത ഒരുത്തന് പരോള്‍ കൊടുക്കുക എന്നത് കേരളത്തിന് തന്നെ അപമാനകരമല്ലേ എന്ന് വിസ്മയുടെ പിതാവ് തൃവിക്രമന്‍ പറഞ്ഞു. അവന്‍ അവിടെ നല്ല പുള്ളി ചമഞ്ഞ് പേരെടുത്തിരിക്കുകയാണ്. അവനും ഒരു യൂണിഫോമിട്ടവനല്ലേ, അംഗീകരിക്കാന്‍ പറ്റാത്ത പ്രവര്‍ത്തിയാണെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കിരണ്‍ കുമാറിന്റെ പീഡനത്തെത്തുടര്‍ന്ന് 2021 ജൂണിലാണ് വിസ്മയ വീട്ടില്‍ തൂങ്ങിമരിച്ചത്.