Rajeev Chandrasekhar: ഇന്ത്യയിലെ ആദ്യ മൊബൈല്‍ നെറ്റ്‌വര്‍ക്ക് കമ്പനിയുടമ, ഏഷ്യാനെറ്റ് ന്യൂസിലും ഓഹരി, നിസാരനല്ല തരൂരിന്റെ എതിരാളി രാജീവ് ചന്ദ്രശേഖര്‍

അഭിറാം മനോഹർ
ബുധന്‍, 3 ഏപ്രില്‍ 2024 (14:25 IST)
Rajeev chandrasekshar
ഇക്കുറി ലോകസഭാ തിരെഞ്ഞെടുപ്പില്‍ കേരളത്തില്‍ ബിജെപി ഏറ്റവും പ്രതീക്ഷ വെയ്ക്കുന്ന 3 മണ്ഡലങ്ങളില്‍ ഒന്നാണ് തിരുവനന്തപുരം. മുന്‍പ് ഒ രാജഗോപാലിനെ നിയമസഭയിലേക്കെത്തിച്ച മണ്ഡലമെന്ന നിലയില്‍ ബിജെപിക്ക് ഏറെ പ്രിയപ്പെട്ടതാണ് തിരുവനന്തപുരം മണ്ഡലം. എങ്കിലും ലോകസഭ തെരെഞ്ഞെടുപ്പ് കണക്കിലെടുക്കുമ്പോള്‍ ദേശീയ രാഷ്ട്രീയത്തിലും ശക്തനായ ശശി തരൂരാണ് ബിജെപിയുടെ എതിരാളി. അതിനാല്‍ തന്നെ വമ്പനായ തരൂരിനെ വീഴ്ത്താന്‍ സാധിക്കുന്ന കൊമ്പനെ തന്നെയാണ് ഇക്കുറി ബിജെപി പടക്കളത്തില്‍ ഇറക്കിയിരിക്കുന്നത്.
 
സജീവ രാഷ്ട്രീയത്തിലൂടെ വന്ന് ലോകസഭയിലെത്തി കേന്ദ്രമന്ത്രിയായ പാരമ്പര്യമല്ല ഉള്ളതെങ്കിലും തൊട്ടതെല്ലാം പൊന്നാക്കിയതാണ് രാജീവ് ചന്ദ്രശേഖറിന്റെ ചരിത്രം. കേരളത്തിലെ ആദ്യ ഐടി ഹബ്ബായ തിരുവനന്തപുരത്തില്‍ സാങ്കേതിക വിദഗ്ധനും ഇന്ത്യയിലെ തന്നെ ആദ്യ മൊബൈല്‍ നെറ്റ്‌വര്‍ക്ക് കമ്പനിയായ ബിപിഎല്ലിന്റെ ഉടമയുമായിരുന്ന രാജീവ് ചന്ദ്രശേഖര്‍ എത്തുമ്പോള്‍ എം പി എന്ന നിലയില്‍ തിരുവനന്തപുരത്തെ ഐടി ഹബ്ബാക്കി മാറ്റാന്‍ രാജീവ് ചന്ദ്രശേഖറിന് സാധിക്കുമെന്ന് വലിയ വിഭാഗം കരുതുന്നുണ്ട്.
 
നിലവില്‍ രാജ്യസഭയില്‍ കര്‍ണാടകയെ പ്രതിനിധീകരിക്കുന്ന രാജീവ് ചന്ദ്രശേഖര്‍ സ്‌കില്‍ ഡെവലപ്പ്‌മെന്റ്, ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി വിഭാഗത്തിന്റെ സഹമന്ത്രിയാണ്. ഗുജറാത്തിലെ അഹമ്മദാബാദിലായിരുന്നു വളര്‍ന്നതെങ്കിലും രാജീവ് ചന്ദ്രശേഖറിന്റെ വേരുകള്‍ കേരളത്തിലെ തൃശൂര്‍ ജില്ലയിലെ ദേശമംഗലത്തിനടുത്തുള്ള കൊണ്ടയൂരാണ്. മണിപ്പാല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി,ചിക്കാഗോ ഇല്ലിനോയിസ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി എന്നിവയില്‍ നിന്നും കമ്പ്യൂട്ടര്‍ സയന്‍സില്‍ ബിരുദം. ഇന്റലില്‍ 1988 മുതല്‍ 1991 വരെ ജോലി ചെയ്തു ഇന്റലില്‍ ഐ 486 പ്രോസസര്‍ രൂപകല്പന ചെയ്ത ടീമിന്റെ ഭാഗമായിരുന്നു.
 
1991ല്‍ ഇന്ത്യയില്‍ തിരിച്ചെത്തിയ ശേഷമാണ്. ഭാര്യാപിതാവിന്റെ കമ്പനിയുടെ ഭാഗമായി ബിപിഎല്‍ മൊബൈല്‍ രാജീവ് ചന്ദ്രശേഖര്‍ സ്ഥാപിക്കുന്നത്. 2005ല്‍ ഗ്രൂപ്പിലെ തന്റെ 64 ശതമാനം ഓഹരികള്‍ എസ്സാര്‍ ഗ്രൂപ്പിന് 1.1 ബില്യണ്‍ യു എസ് ഡോളറിനാണ് രാജീവ് ചന്ദ്രശേഖര്‍ വിറ്റത്. തുടര്‍ന്ന് ജൂപ്പിറ്റര്‍ ക്യാപ്പിറ്റല്‍ എന്ന കമ്പനിയും ചന്ദ്രശേഖര്‍ തുടങ്ങി. ഈ കമ്പനിയുടെ ഭാഗമായി ഏഷ്യാനെറ്റ് കമ്മ്യൂണിക്കേഷന്‍ ലിമിറ്റഡില്‍ നടത്തിയ നിക്ഷേപങ്ങളിലൂടെയാണ് ചന്ദ്രശേഖര്‍ മീഡിയയില്‍ ഭാഗമാകുന്നത്. 2008ല്‍ ഏഷ്യാനെറ്റ് കമ്മ്യൂണിക്കേഷന്‍സ് എന്ന പേരില്‍ റുപര്‍ട്ട് മര്‍ഡോക്കിന്റെ ന്യൂസ് കോര്‍പ്പറേഷനുമായി സംയുക്ത സംരഭത്തിലായി. റിപ്പബ്ലിക് ടിവിയിലും ചന്ദ്രശേഖറിന് ഓഹരികളുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

Next Article