സംസ്ഥാനത്ത് ശക്തമായ ത്രികോണ മത്സരം നടക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന തൃശൂരില്‍ ഇടതു സ്ഥാനാര്‍ഥിയായ സുനില്‍കുമാര്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. വരണാധികാരയായ കളക്റ്റര്‍ കൃഷ്ണതേജയുടെ ക്യാമ്പിനിലെത്തിയാണ് സുനില്‍ കുമാര്‍ പത്രിക നല്‍കിയത്. യുഡിഎഫ് സ്ഥാനാര്‍ഥി കെ മുരളീധരനും ബിജെപി സ്ഥാനാര്‍ഥിയായ സുരേഷ് ഗോപിയും നാളെയാണ് പത്രിക സമര്‍പ്പിക്കുക.
മന്ത്രി കെ രാജന്‍, മുന്‍മന്ത്രി കെ പി രാജേന്ദ്രന്‍, സിപിഎം ജില്ലാ സെക്രട്ടറി എം എം വര്‍ഗീസ് തുടങ്ങി മുതിര്‍ന്ന ഇടതുനേതാക്കള്‍ പത്രിക സമര്‍പ്പിക്കാനെത്തിയ സുനില്‍കുമാറിനെ അനുഗമിച്ചു. നിലവില്‍ കോണ്‍ഗ്രസിന്റെ കൈയിലുള്ള മണ്ഡലം തിരിച്ചുപിടിക്കുന്നതിനൊപ്പം സുരേഷ് ഗോപിയെ കൂടി തോല്‍പ്പിക്കുക എന്ന ഇരട്ടിദൗത്യമാണ് സിനില്‍ക്കുമാറിനുള്ളത്.
സിപിഐയുടെ കൈയ്യിലായിരുന്ന മണ്ഡലം കഴിഞ്ഞ തെരെഞ്ഞെടുപ്പില്‍ ടി എന്‍ പ്രതാപനാണ് പിടിച്ചെടുത്തത്. ഇക്കുറി ടി എന്‍ പ്രതാപന്‍ നേരത്തെ തന്നെ പ്രചാരണം തുടങ്ങിയെങ്കിലും വടകരയില്‍ നിന്നും മുരളീധരനെ തൃശൂരിലെത്തിക്കാനായിരുന്നു എ ഐസിസിയുടെ തീരുമാനം. ത്രികോണമത്സരം നടക്കുന്ന മണ്ഡലത്തില്‍ കരുണാകരന്റെ മകന്‍ എന്ന ബ്രാന്‍ഡും തൃശൂര്‍ ലീഡറുടെ തട്ടകമാണെന്ന വികാരവും മുതലെടുക്കാനാണ് സ്ഥാനാര്‍ഥിത്വത്തിലൂടെ കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്.