അതിഥി തൊഴിലാളികള്‍ക്കായി 'ഭായിലോഗ്' ആപ്; മുഖ്യമന്ത്രി പ്രകാശനം ചെയ്തു

രേണുക വേണു
ബുധന്‍, 4 സെപ്‌റ്റംബര്‍ 2024 (13:04 IST)
Bhai Log App

നാല്‍പ്പതു കോടിയിലേറെ വരുന്ന രാജ്യത്തെ അതിഥി തൊഴിലാളികളുടെ ജോലി ലഭ്യതയ്ക്കും സുരക്ഷയ്ക്കുമായി രൂപകല്‍പ്പന ചെയ്ത മൊബൈല്‍ ആപ്പ് 'ഭായി ലോഗ്' മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രകാശനം ചെയ്തു. കൊല്ലം ടി.കെ.എം. എഞ്ചിനീയറിംഗ് കോളേജിലെ പൂര്‍വ്വവിദ്യാര്‍ത്ഥികളായ ആസിഫ് അയൂബ്, ആഷിഖ് ആസാദ്, ഗോകുല്‍ മോഹന്‍ എന്നിവര്‍ ചേര്‍ന്ന് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ പിന്തുണയോടെ 2023 ല്‍ സ്ഥാപിച്ച സ്റ്റാര്‍ട്ടപ്പ് കമ്പനിയായ 'ഭായ് ലോഗ്' ആണ് ആപ്പിന്റെ ശില്‍പ്പികള്‍.
 
നാല്‍പ്പതു കോടിയിലേറെ വരുന്ന ഇന്ത്യയിലെ അതിഥിതൊഴിലാളികള്‍ മറ്റേതൊരു അസംഘടിത മേഖലയിലേതുപോലെ വിവിധ തരത്തിലുള്ള  ചൂഷണങ്ങള്‍ക്ക് വിധേയമായി ജീവിക്കുന്ന നിശബ്ദമായ ഒരു തൊഴിലാളി വിഭാഗമാണ്. വിദ്യാസമ്പന്നരും സമര്‍ഥരുമായ ഇടനിലക്കാരുടെയും തൊഴിലുടമകളുടെയും നിരവധിയായ വിവേചനങ്ങള്‍ ജീവിത വിധിയെന്നപോലെ ഏറ്റുവാങ്ങുന്നവരാണിവര്‍. 2021 ലെ പ്ലാനിംഗ് ബോര്‍ഡിന്റെ കണക്കുകള്‍ പ്രകാരം 31 ലക്ഷത്തിലേറെ അതിഥി തൊഴിലാളികള്‍ ഇത്തരത്തില്‍ കേരളത്തിലും കഴിയുന്നുണ്ട്. 
 
ഭായ് ലോഗ് ആപ് വഴി തങ്ങളുടെ നൈപുണ്യത്തിനനുസരിച്ച് ഇഷ്ടമുള്ള ജോലികള്‍ അനായാസം തിരഞ്ഞെടുക്കുവാന്‍ ഇനി അതിഥിതൊഴിലാളികള്‍ക്ക് കഴിയും. ഒപ്പം, ഓരോ നൈപുണ്യമേഖലയുടെ ആവശ്യാനുസരണം തൊഴിലാളികളെ തിരഞ്ഞെടുക്കാന്‍ തൊഴിലുടമകള്‍ക്കും കഴിയും. ഗൂഗിള്‍ പ്ലേ-സ്റ്റോറില്‍ നിന്നും ഭായ് ലോഗ് ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം.  ആപ്പ് ഉപയോഗിക്കുന്നതിന് മുന്‍പ് തൊഴിലാളികള്‍ അവരുടെ കൃത്യവും, ആധികാരികവുമായ വിവരങ്ങള്‍ നല്‍കണമെന്നുമാത്രം. തുടര്‍ന്ന് ഇടനിലക്കാരില്ലാതെ തന്നെ ജോലികള്‍ ലഭ്യമാക്കുവാന്‍ തൊഴിലാളികള്‍ക്കും, അധികബാധ്യതകളോ, ഭയാശങ്കകളോ ഇല്ലാതെ ജോലിനല്‍കുവാന്‍ തൊഴിലുടമകള്‍ക്കും കഴിയും. കേവലം ഒരു ജോലി മാത്രമല്ല, ഒപ്പം മെച്ചപ്പെട്ട വേതനവും, തൊഴിലിടങ്ങളിലെ സുരക്ഷയും, ഉറപ്പുവരുത്തുവാനുള്ള സംവിധാനങ്ങളും ഈ ആപ്പിന്റെ ഭാഗമാണ്. മുഖ്യമന്ത്രിയുടെ ചേമ്പറില്‍ നടന്ന പ്രകാശന ചടങ്ങില്‍ മുഖ്യമന്ത്രിയുടെ ഓഫീസര്‍ ഓണ്‍ സ്‌പെഷ്യല്‍ ഡ്യൂട്ടി ഡോ. എസ്. കാര്‍ത്തികേയന്‍ ഐ.എ.എസ്, സ്റ്റാര്‍ട്ട് അപ്പ് മിഷന്‍ മേധാവി അനൂപ് അംബികയും പങ്കെടുത്തു.   

അനുബന്ധ വാര്‍ത്തകള്‍

Next Article