ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം ഈ മാസം ഒന്‍പതിനു ഹൈക്കോടതിയില്‍ സമര്‍പ്പിക്കും

രേണുക വേണു
ബുധന്‍, 4 സെപ്‌റ്റംബര്‍ 2024 (12:56 IST)
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ഈ മാസം ഒന്‍പതിന് ഹൈക്കോടതിയില്‍ സമര്‍പ്പിക്കും. ഈ മാസം പത്തിന് മുന്‍പ് കോടതിയില്‍ സമര്‍പ്പിക്കണമെന്നാണ് കോടതി നിര്‍ദ്ദേശിച്ചത്. ഒഴിവാക്കിയ പേജുകള്‍ ഉള്‍പ്പെടെ പൂര്‍ണ്ണമായ റിപ്പോര്‍ട്ടാണ് സമര്‍പ്പിക്കുക. സീല്‍ഡ് കവറിലായിരിക്കും റിപ്പോര്‍ട്ട് കോടതിക്ക് നല്‍കുക.
 
മലയാള സിനിമയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച കമ്മിറ്റിയാണ് ജസ്റ്റിസ് ഹേമ കമ്മിറ്റി. മുന്‍ ജഡ്ജി കൂടിയായ ജസ്റ്റിസ് കെ.ഹേമയുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയില്‍ മുതിര്‍ന്ന നടി ശാരദ, റിട്ട. പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.ബി.വത്സലകുമാരി എന്നിവര്‍ അംഗങ്ങളായിരുന്നു. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് 2017 ജൂലൈ ഒന്നിനാണ് ഹേമ കമ്മിറ്റിയെ നിയമിച്ചത്. 
 
2019 ഡിസംബര്‍ 31 നാണ് ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് മുഖ്യമന്ത്രി പിണറായി വിജയനു കൈമാറിയത്. എന്നാല്‍ ഈ റിപ്പോര്‍ട്ട് വെളിച്ചം കണ്ടത് 2024 ഓഗസ്റ്റ് 19 നാണ്. നിയമകുരുക്കുകളെ തുടര്‍ന്നാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് വെളിച്ചം കാണാന്‍ വൈകിയത്. ജസ്റ്റിസ് ഹേമ കമ്മിറ്റിക്ക് മുന്‍പാകെ സിനിമ മേഖലയിലെ സ്ത്രീകള്‍ നടത്തിയ പല വെളിപ്പെടുത്തലുകളും അതേപടി പരസ്യപ്പെടുത്താന്‍ സാധിക്കുമായിരുന്നില്ല. അതുകൊണ്ട് സ്വകാര്യ വിവരങ്ങള്‍ ഒഴിവാക്കിയുള്ള റിപ്പോര്‍ട്ടാണ് പരസ്യപ്പെടുത്തിയിരിക്കുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

Next Article