എഐയുടെ കാലം നമുക്ക് ഏറെ അനുയോജ്യമാണെന്നും അനുബന്ധ സൗകര്യങ്ങള്‍ ഒരുക്കികൊടുത്താല്‍ അത് കേരളത്തിലെ ഓരോ ഗ്രാമങ്ങളിലും തഴച്ചു വളരുകയും മറ്റൊരു ചൈന മോഡല്‍ നമുക്കിവിടെ സാധ്യമാവുകയും ചെയ്യുമെന്ന് എഴുത്തുകാരന്‍ ബെന്യാമിന്‍. അതിന് സാധ്യമാക്കാവുന്ന ഏല്ല സാഹചര്യങ്ങളും ഒരുക്കാന്‍ നമ്മുടെ സര്‍ക്കാര്‍ ശ്രമിക്കുമ്പോള്‍ അതിനെ എങ്ങനെ തുരങ്കം വച്ച് ഇല്ലാതെയാക്കാം എന്നാണ് 'ഭരണം, ഭരണം ഭരണം' എന്ന വിചാരം മാത്രം തലക്കു പിടിച്ചു നടക്കുന്ന പ്രതിപക്ഷം ചിന്തിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ബെന്യാമിന്‍ ഇക്കാര്യം പറഞ്ഞത്.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:-
ഞങ്ങള്‍ 100% സാര്‍
മെച്ചപ്പെട്ട ജീവിതം തേടിയുള്ള തൊഴില്‍ കുടിയേറ്റം വലിയ വെല്ലുവിളികള്‍ നേരിടുന്ന കാലമാണിത്. മുന്‍ കാലങ്ങളിലെ പോലെ ഇതര രാജ്യങ്ങളില്‍ പോയി ദീര്‍ഘകാലം ജോലി ചെയ്തും പൗരത്വം നേടിയും ജീവിക്കാമെന്ന മോഹം ചെറുപ്പക്കാര്‍ വെടിയുന്നതാണ് നല്ലത്. അങ്ങനെ മോഹിച്ചു പുറപ്പെട്ടു പോകുന്നവരെ, വിലങ്ങണിയിച്ച് നാടുകടത്തുന്ന കാലമാണിത്, നിങ്ങള്‍ നിങ്ങളുടെ രാജ്യത്തെ മാലിന്യങ്ങളാണ് എന്ന് അപമാനിക്കുന്ന കാലമാണിത്, കേരളത്തിന്റെ നൂറു ശതമാനം സാക്ഷരതയെ '100% ലിറ്ററസി സാര്‍' എന്ന് നേര്‍ത്ത് ഇന്ത്യക്കരാല്‍ കളിയാക്കപ്പെടുന്ന കാലമാണിത്.
അങ്ങനെയൊരു കാലത്തില്‍ നമ്മുടെ വിദ്യാസമ്പന്നരായ ചെറുപ്പക്കാര്‍ക്ക് ഇവിടെ തന്നെ തൊഴില്‍ ലഭിക്കുന്ന ഏതൊരു സാധ്യതയുടെയും വാതില്‍ നാം അടച്ചു കളയുന്നത് അവരോട് നമ്മള്‍ ചെയ്യുന്ന വലിയ അപരാധമായിപ്പോകും. കേരളത്തില്‍ ആരംഭിക്കുന്ന ഏത് സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങളെയും നാം ആ നിലയില്‍ വേണം നോക്കിക്കാണാന്‍. യന്ത്ര വ്യവസായ വിപ്ലവകാലത്ത് നമ്മുക്ക് പരിമിതികള്‍ ഉണ്ടായിരുന്നു. നമ്മുടെ കാലാവസ്ഥയും നമ്മുടെ പരിസ്ഥിതിയും അതിനു യോജിച്ചതായിരുന്നില്ല. എന്നാല്‍ സാങ്കേതിക വിദ്യകളുടെയും എ ഐ യുടെയും കാലം നമുക്ക് ഏറെ അനുയോജ്യമാണ്. അനുബന്ധ സൗകര്യങ്ങള്‍ ഒരുക്കികൊടുത്താല്‍ അത് കേരളത്തിലെ ഓരോ ഗ്രാമങ്ങളിലും തഴച്ചു വളരുകയും മറ്റൊരു ചൈന മോഡല്‍ നമുക്കിവിടെ സാധ്യമാവുകയും ചെയ്യും. അതിന് സാധ്യമാക്കാവുന്ന ഏല്ല സാഹചര്യങ്ങളും ഒരുക്കാന്‍ നമ്മുടെ സര്‍ക്കാര്‍ ശ്രമിക്കുമ്പോള്‍ അതിനെ എങ്ങനെ തുരങ്കം വച്ച് ഇല്ലാതെയാക്കാം എന്നാണ് 'ഭരണം, ഭരണം ഭരണം' എന്ന വിചാരം മാത്രം തലക്കു പിടിച്ചു നടക്കുന്ന പ്രതിപക്ഷം ചിന്തിക്കുന്നത്.
ജനങ്ങള്‍ക്ക് നല്ലതെന്ന് തോന്നുന്ന കാര്യങ്ങള്‍ ചെയ്യുമ്പോള്‍ അവര്‍ സമ്മാനിക്കുന്നതാണ് ഭരണം എന്ന സാമാന്യബോധം ഇവര്‍ക്കില്ല. അല്ലെങ്കില്‍ കേരളത്തിന്റെ മുന്നേറ്റത്തെ ആശാവഹമായി കണ്ട് ലേഖനമെഴുതിയ ശശി തരൂരിനെ ആക്രമിക്കാന്‍ ഇവര്‍ മുതിരുന്നായിരുന്നില്ല. കോവിഡ് കാലത്ത് കിറ്റ് കൊടുത്തതിനെ പരിഹസിച്ചവരാണ് നിങ്ങള്‍. അതിനുള്ള ശിക്ഷ കേരള ജനത നിങ്ങള്‍ക്ക് തന്നു. കേരളത്തില്‍ വരാനിരിക്കുന്ന സംരംഭങ്ങളെ അസൂയ മൂത്ത് എങ്ങനെയെങ്കിലും ഇല്ലാതാക്കാം എന്നാണ് വിചാരമെങ്കില്‍ തൊഴില്‍ തേടുന്ന ഇവിടുത്തെ യുവജനത നിങ്ങള്‍ക്ക് ചുട്ടമറുപടി നല്‍കും. ഉറപ്പ്.
മറ്റെല്ലാം മേഖലയിലും ഒന്നാമത് എത്തിയതു പോലെ നമ്മള്‍ ഏറെ പഴികേട്ടിരുന്ന ഒരു മേഖലയില്‍ കൂടി നാം ഒന്നാമതെത്തിയിരിക്കുന്നു എന്നറിയുന്നതില്‍ അഭിമാനിക്കുകയും ആഹ്ലാദിക്കുകയും ചെയ്യുന്ന ഒരു പൗരനാണ് ഞാന്‍. ഇത് അനേകം അനേകലക്ഷം മനുഷ്യരുടെ ആഹ്ലാദമാണ്. അതിനെ കെടുത്താനാണ് ചില പ്രതിപക്ഷ നേതാക്കളും കേരളത്തെ എങ്ങനെയും ഇകഴ്ത്തി കാണിക്കാന്‍ ആഗ്രഹിക്കുന്ന ചില പത്രങ്ങളും ചേര്‍ന്ന് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ശ്രമിച്ചുകൊണ്ടിരിക്കുന്നത്. നിങ്ങള്‍ ഇത് അവസാനിപ്പിക്കുന്നതാണ് കേരളത്തിലെ യുവാക്കളോട് നിങ്ങള്‍ക്ക് ചെയ്യാവുന്ന ഏറ്റവും വലിയ ഉപകരം.
ഈ വരുന്ന 21, 22 തീയതികളിലായി കൊച്ചിയില്‍ നടക്കുന്ന ഇന്‍വെസ്റ്റ് കേരള നിക്ഷേപക സംഗമത്തിനെ കേരളത്തിന്റെ ഒരു പുതിയ ചുവടുവയ്പ്പായി ഞാന്‍ നോക്കി കാണുന്നു. അതിനു എല്ലാവിധമായ ആശംസങ്ങളും നേരുന്നു. ഞങ്ങള്‍ കേരളീയര്‍, എല്ലാ മേഖലയിലും ഞങ്ങള്‍ 100% സാര്‍