'പെണ്ണുങ്ങള്‍ മൂലയ്ക്കിരിക്കണമെന്ന് പറയാന്‍ ഇയാള്‍ ആരാണ്'; മുസ്ലിം പണ്ഡിതനെ 'എയറിലാക്കി' സോഷ്യല്‍ മീഡിയ (വീഡിയോ)

രേണുക വേണു

ബുധന്‍, 19 ഫെബ്രുവരി 2025 (12:44 IST)
സോഷ്യല്‍ മീഡിയയില്‍ തരംഗം സൃഷ്ടിച്ച വ്യക്തിയാണ് നഫീസുമ്മ. കഷ്ടപ്പാടുകള്‍ നിറഞ്ഞ ജീവിതത്തോടു പോരാടി വിജയിച്ചു കയറിയ നഫീസുമ്മ 55-ാം വയസ്സിലെ മണാലി യാത്രയിലാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്. മക്കള്‍ക്കൊപ്പം അടിച്ചുപൊളിക്കുന്ന, മണാലിയിലെ മഞ്ഞ് വാരി ജീവിതം ആസ്വദിക്കുന്ന, കൂട്ടുകാരികളെ മണാലിയിലേക്ക് സ്വാഗതം ചെയ്യുന്ന നഫീസുമ്മയുടെ ചിരി നമുക്ക് മറക്കാന്‍ പറ്റില്ല. എന്നാല്‍ ഇതിനെതിരെ 'ഉറഞ്ഞുതുള്ളുകയാണ്' ഒരു മതപണ്ഡിതന്‍. 
ഭര്‍ത്താവ് മരിച്ചാല്‍ ഒരു മൂലയ്ക്ക് ഇരിക്കണമെന്ന് പറയുന്ന ഈ മുസ്ലിം പണ്ഡിതന്‍ നഫീസുമ്മയെ പരിഹസിക്കുന്ന വിധമാണ് പ്രഭാഷണം നടത്തുന്നത്. ' 25 വര്‍ഷം മുന്നേ ഭര്‍ത്താവ് മരിച്ച ഒരു വല്യുമ്മ, ഏതെങ്കിലും മൂലയിലിരുന്ന് സ്വലാത്തും ദിഖ്റും ചൊല്ലുന്നതിനു പകരം ഏതോ അന്യസംസ്ഥാനത്തേക്ക് മഞ്ഞില്‍ കളിക്കാന്‍ പോയതിന്‌റെ വീഡിയോസ് കണ്ടവരായിരിക്കും എന്റെ മുന്നിലുള്ളവര്‍,' എന്നാണ് പ്രഭാഷണത്തില്‍ ഇയാള്‍ പറയുന്നത്. 


സോഷ്യല്‍ മീഡിയയില്‍ നിരവധി പേരാണ് മതപണ്ഡിതനെ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുന്നത്. ഏത് നൂറ്റാണ്ടിലാണ് ഇയാള്‍ ജീവിക്കുന്നതെന്നും മറ്റുള്ളവരുടെ സന്തോഷത്തില്‍ ഇടപെടാന്‍ ഇയാള്‍ ആരാണെന്നും ആളുകള്‍ ചോദിക്കുന്നു. മാത്രമല്ല നഫീസുമ്മയുടെ മണാലി വീഡിയോ വീണ്ടും പങ്കുവെച്ച് കൊണ്ട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നവരും ഉണ്ട്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍