കേരളത്തിലെ എടിഎമ്മുകളിൽ നിന്ന് കവർച്ച നടത്താൻ ഹരിയാനയിൽ നിന്ന് ഒരു സംഘം തെക്കൻ കേരളത്തിലേക്ക് എത്തിയിട്ടുള്ളതായി പൊലീസ് രഹസാന്വേഷണ വിഭാഗം. ഇന്നലെ വൈകിട്ടോടെയാണ് ഇവരുടെ ഫോട്ടോകൾ സഹിതം സോഷ്യൽ മീഡിയയിലും മറ്റും പൊലീസ് ഉദ്യോഗസ്ഥർ പ്രചരിപ്പിച്ച് തുടങ്ങിയത്. ഹരിയാന മേവാത്ത് സ്വദേശികളാണ് ഇവരെന്നാണു പൊലീസ് പറയുന്നു.
ഇവരെ തിരിച്ചറിയുകയോ എന്തെങ്കിലും തരത്തിലുള്ള സൂചനകൾ ലഭിക്കുകയോ ചെയ്‌താൽ പൊലീസ് ഉദ്യോഗസ്ഥരെ അറിയിക്കാനും നിർദ്ദേശമുണ്ട്. പൊലീസുകാർ തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്. തഴുത്തലയിലെ എടിഎമ്മിൽ കവർച്ച നടത്തിയ സംഘത്തിലെ രണ്ടുപേരെ രണ്ടാഴ്ച മുൻപു മധ്യപ്രദേശ് പൊലീസ് ഹരിയാനയിൽനിന്ന് ഏറ്റുമുട്ടലിലൂടെ കീഴടക്കിയിരുന്നു. ആറുപേരടങ്ങിയ സംഘത്തിലെ മറ്റുള്ളവർ അന്നു രക്ഷപ്പെട്ടു.
പിടിയിലായവരിൽ രണ്ടുപേരെ കേരളത്തിൽനിന്നുള്ള അന്വേഷണസംഘം കസ്റ്റഡിയിൽ വാങ്ങിയിട്ടുണ്ട്. ഇവരും ഇപ്പോൾ കേരളത്തിൽ ഉണ്ടെന്നു കരുതുന്ന സംഘവുമായി ബന്ധമുണ്ടോ എന്നത് വ്യക്‌തമല്ല.