‘എഡിജിപിയുടെ മകൾക്ക് കരാട്ടെയിൽ പ്രാവീണ്യം, മര്‍ദ്ദനത്തിനിടെ ബോധം മറഞ്ഞു’; തുറന്നു പറഞ്ഞ് ഗവാസ്‌കര്‍
ഞായര്‍, 17 ജൂണ്‍ 2018 (12:04 IST)
സായുധസേനാ എഡിജിപി ആയിരുന്ന സുദേഷ് കുമാറിന്റെ മകള്‍ ക്രൂരമായി മര്‍ദ്ദിച്ചെന്ന് വെളിപ്പെടുത്തി ചികിത്സയില്‍ കഴിയുന്ന പൊലീസ് ഉദ്യോഗസ്ഥൻ ഗവാസ്‌കര്‍.
കരാട്ടെയിൽ പ്രാവീണ്യമുള്ള എഡിജിപിയുടെ മകൾ ആറുതവണ മൊബൈൽ ഫോൺവച്ച് ആഞ്ഞിടിച്ചു. സീറ്റ് ബെൽറ്റ് ധരിച്ചിരുന്നതിനാൽ മര്‍ദ്ദനം തടയാന്‍ കഴിഞ്ഞില്ല. ശക്തമായ അടിയില്‍ രണ്ടു മിനിറ്റോളം ബോധം നഷ്‌ടമായ അവസ്ഥയിരുന്നു താനെന്നും ഗവാസ്‌കര്‍ പറഞ്ഞു.
മര്‍ദ്ദനം ഗുരുതരസ്വഭാവമുള്ളതാണെന്നാണ് ഡൊക്‍ടര്‍മാര്‍ വ്യക്തമാക്കുന്നത്. വേദനയും നീർക്കെട്ടും മാറാൻ രണ്ടു മാസത്തോളം വേണ്ടിവരും. ഇപ്പോള്‍ കാഴ്‌ചയ്‌ക്കു മങ്ങലേറ്റിട്ടുണ്ട്. ഇതേ തുടര്‍ന്ന് നേത്രവിദഗ്ധര്‍ പരിശോധന നടത്തിയിരുന്നുവെന്നും ഗവാസ്‌കര്‍ വ്യക്തമാക്കി.
സുദേഷ് കുമാറിന്റെ വീട്ടിൽ ജോലി ചെയ്യേണ്ടിവന്ന പല പൊലീസ് ഉദ്യോഗസ്ഥരും ദാസ്യവൃത്തിക്ക് ഇരയായിട്ടുണ്ട്. പലരും മര്‍ദ്ദനത്തിന് ഇരയായിട്ടുണ്ട്. ഡ്യൂട്ടിക്കെത്തുന്ന പൊലീസുകാർ ബിരുദധാരികളും പൊതുകാര്യങ്ങളെക്കുറിച്ചു ബോധമുള്ളവരുമാണെന്ന അറിവ് വീട്ടുകാരെ അരിശം കൊള്ളിച്ചിരുന്നു. മലയാളികളുടെ കുറവുകൾ ചൂണ്ടിക്കാട്ടി ഹിന്ദിയിലും ഇംഗ്ലിഷിലും ആക്ഷേപിക്കുമായിരുന്നുവെന്നും ആശുപത്രിയില്‍ കഴിയുന്ന ഗവാസ്‌കര്‍ കൂട്ടിച്ചേര്‍ത്തു.
എഡിജിപിക്കെതിരെ നടപടിയുണ്ടായതിൽ സന്തോഷമുണ്ട് പരാതി പിൻവലിപ്പിക്കാൻ ഇപ്പോഴും ശ്രമം നടക്കുന്നുണ്ട്. എന്നാൽ ഞാൻ പിന്നോട്ടു പോകില്ല. തന്റെ പ്രതികരണം സാധാരണ പൊലീസുകാരെ ദാസ്യവൃത്തി ചെയ്യിക്കുന്ന മുതിർന്ന ഉദ്യോഗസ്ഥരുടെ മനോഭാവം മാറ്റുമെന്നാണു പ്രതീക്ഷയെന്നും ഗവാസ്കർ പറഞ്ഞു.