School Vacation: സ്കൂൾ അവധിക്കാലം ഏപ്രിൽ- മെയിൽ നിന്നും മാറ്റണോ? ചർച്ചകൾക്ക് തുടക്കമിട്ട് വിദ്യഭ്യാസ മന്ത്രി

അഭിറാം മനോഹർ

വ്യാഴം, 31 ജൂലൈ 2025 (14:06 IST)
Kerala Vacation
സംസ്ഥാനത്തെ സ്‌കൂള്‍ അവധിക്കാലം ഏപ്രില്‍,മെയ് മാസങ്ങളില്‍ നിന്നും മാറ്റുന്നതിനെ പറ്റിയുള്ള ചര്‍ച്ചകള്‍ക്ക് തുടക്കമിട്ട് വിദ്യഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. അവധിക്കാലം ഏപ്രില്‍, മെയ് മാസങ്ങളില്‍ നിന്ന് മഴക്കാലമായ ജൂണ്‍, ജൂലായ് മാസങ്ങളിലേക്ക് മാറ്റുന്നതിനെ പറ്റിയുള്ള പൊതുചര്‍ച്ചയ്ക്ക് തുടക്കമിടുന്നുവെന്നാണ് മന്ത്രി ഫെയ്‌സ്ബുക്കില്‍ പറഞ്ഞത്. വിഷയത്തില്‍ ജനങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും കമന്റായി അറിയിക്കണമെന്നും മന്ത്രി പോസ്റ്റില്‍ പറയുന്നു.
 
വി ശിവന്‍കുട്ടിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്
 
കേരളത്തിലെ നമ്മുടെ സ്‌കൂള്‍ അവധിക്കാലം നിലവില്‍ ഏപ്രില്‍, മെയ് മാസങ്ങളിലാണ്. ഈ മാസങ്ങളില്‍ സംസ്ഥാനത്ത് കനത്ത ചൂട് അനുഭവപ്പെടുന്നത് കുട്ടികള്‍ക്ക് പലപ്പോഴും ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട് എന്നത് വസ്തുതയാണ്. അതേസമയം, മണ്‍സൂണ്‍ കാലയളവായ ജൂണ്‍, ജൂലൈ മാസങ്ങളില്‍ കനത്ത മഴ കാരണം പലപ്പോഴും ക്ലാസുകള്‍ക്ക് അവധി നല്‍കേണ്ടി വരികയും പഠനം തടസ്സപ്പെടുകയും ചെയ്യാറുണ്ട്.
ഈ സാഹചര്യത്തില്‍, സ്‌കൂള്‍ അവധിക്കാലം ഏപ്രില്‍, മെയ് മാസങ്ങളില്‍ നിന്ന് മാറ്റി, കനത്ത മഴയുള്ള ജൂണ്‍, ജൂലൈ മാസങ്ങളിലേക്ക് മാറ്റുന്നതിനെക്കുറിച്ച് ഒരു പൊതു ചര്‍ച്ചയ്ക്ക് തുടക്കം കുറിക്കുകയാണ്.

മെയ് - ജൂണ്‍ എന്ന ആശയവും ഉയര്‍ന്നുവരുന്നുണ്ട്. ഈ വിഷയത്തില്‍ നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും അറിയാന്‍ ആഗ്രഹിക്കുന്നു. ഈ മാറ്റം നടപ്പിലാക്കുന്നതിലൂടെ എന്തെല്ലാം ഗുണങ്ങളും ദോഷങ്ങളുമുണ്ടാകാം? കുട്ടികളുടെ പഠനത്തെയും ആരോഗ്യത്തെയും ഇത് എങ്ങനെ ബാധിക്കും? അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും ഇത് എത്രത്തോളം പ്രായോഗികമാകും? മറ്റ് സംസ്ഥാനങ്ങളിലെയും രാജ്യങ്ങളിലെയും അവധിക്കാല ക്രമീകരണങ്ങള്‍ നമുക്ക് എങ്ങനെ മാതൃകയാക്കാം?
നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും കമന്റുകളായി രേഖപ്പെടുത്തുക.

ഈ വിഷയത്തെക്കുറിച്ച് ഒരു ക്രിയാത്മകമായ ചര്‍ച്ചയ്ക്ക് തുടക്കമിടാന്‍ ഇത് സഹായകമാകുമെന്ന് വിശ്വസിക്കുന്നു.
നിങ്ങളുടെ പങ്കാളിത്തം പ്രതീക്ഷിക്കുന്നു.
സ്‌നേഹത്തോടെ
വി ശിവന്‍കുട്ടി
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍