ദക്ഷിണ കര്‍ണാടകയിലെ ധര്‍മസ്ഥലയില്‍ മൃതദേഹങ്ങള്‍ കുഴിച്ചിട്ടെന്ന് സാക്ഷി വെളിപ്പെടുത്തിയ സംഭവത്തില്‍ നിര്‍ണായക വഴിതിരിവ്. സാക്ഷി വെളിപ്പെടുത്തിയ സ്ഥലങ്ങള്‍ കുഴിച്ചുള്ള പരിശോധനയ്ക്കിടെ അസ്ഥികൂടാവശിഷ്ടങ്ങള്‍ കണ്ടെത്തി. ആറാമത്തെ പോയന്റില്‍ രണ്ടടി താഴ്ചയില്‍ കുഴിച്ചപ്പോഴാണ് അസ്ഥികൂട അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.
ലഭിച്ചത് മനുഷ്യന്റെ അസ്ഥികൂടങ്ങളാണെന്നാണ് പ്രാഥമിക നിഗമനം. രണ്ട് ദിവസമായി നടക്കുന്ന പരിശോധനയില്‍ ആദ്യമായാണ് അവശിഷ്ടങ്ങള്‍ ലഭിക്കുന്നത്. സ്ഥലത്തുണ്ടായിരുന്ന ഫോറന്‍സിക് സംഘം കൂടുതല്‍ പരിശോധനകള്‍ക്കായി അവശിഷ്ടങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ ലഭിക്കാനായി വിശദമായ ഫോറന്‍സിക് പരിശോധനകളുടെ ആവശ്യമുണ്ടെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ബുധനാഴ്ച അഞ്ചിടങ്ങളില്‍ നടത്തിയ പരിശോധനകളില്‍ മനുഷ്യാവശിഷ്ടങ്ങളൊന്നും ലഭിച്ചിരുന്നില്ല. ഫോറന്‍സിക് വിദഗ്ധര്‍, വനം ഉദ്യോഗസ്ഥര്‍, റവന്യൂ വകുപ്പ് ഉദ്യോഗസ്ഥര്‍, ആന്റി നക്‌സല്‍ ഫോഴ്‌സ്, പോലീസ് ഉദ്യോഗസ്ഥര്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, തൊഴിലാളികള്‍ എന്നിവരടങ്ങുന്ന വലിയ സംഘമാണ് പരിശോധനയ്ക്കായി എത്തിയിട്ടുള്ളത്. ധര്‍മസ്ഥലയില്‍ മൃതദേഹങ്ങള്‍ കുഴിച്ചിട്ടെന്ന് അവകാശപ്പെട്ട 15 സ്ഥലങ്ങള്‍ സാക്ഷി തിരിച്ചറിഞ്ഞിരുന്നു.ഇതിലെ ആദ്യ 8 സ്ഥലങ്ങള്‍ നേത്രാവദി നദിയുടെ തീരത്തും 9 മുതല്‍ 12 വരെയുള്ള സ്ഥലങ്ങള്‍ നദിക്ക് സമീപമുള്ള ഹൈവേയുടെ അരികിലുമാണ്. പതിമൂന്നാമത്തേത് നേത്രാവദിയെ ആജുകുരിയുമായി ബന്ധിപ്പിക്കുന്ന റോഡിലും ബാക്കി 2 സ്ഥലങ്ങള്‍ ഹൈവേയ്ക്ക് സമീപമുള്ള കന്യാഡീ പ്രദേശത്തുമാണ്. ഈ സ്ഥലങ്ങളിലെല്ലാം എസ്‌ഐടി ഉദ്യോഗസ്ഥര്‍ ജിയോടാഗിങ് നടത്തിയിട്ടുണ്ട്.