1995 മുതല്‍ 2014 വരെ ധര്‍മസ്ഥലയിലെ ശുചീകരണ തൊഴിലാളിയായിരുന്ന വ്യക്തി പല തവണകളിലായി ധര്‍മസ്ഥല അധികാരികളുടെ അറിവോടെ സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും അടക്കം മൃതദേഹങ്ങള്‍ കുഴിച്ചിട്ടതായാണ് വെളിപ്പെടുത്തിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ വെളിപ്പെടുത്തല്‍ നടത്തിയ വ്യക്തിയെയും കൊണ്ട് അന്വേഷണസംഘം ധര്‍മസ്ഥലയില്‍ എത്തി. മൃതദേഹങ്ങള്‍ കുഴിച്ചിട്ടെന്നു ഇയാള്‍ പറയുന്ന സ്ഥലങ്ങള്‍ റിബണ്‍ കെട്ടി അടയാളപ്പെടുത്തിയിട്ടുണ്ട്.
നേത്രാവതി സ്‌നാനഘട്ടിനരികെ പൊലീസ് സംഘം വിന്യസിച്ചിട്ടുണ്ട്. മണ്ണുമാറ്റി പരിശോധിക്കാനായി തൊഴിലാളികളെയും എത്തിച്ചു. വെളിപ്പെടുത്തല്‍ നടത്തിയ വ്യക്തിയെ മുഖത്ത് കറുപ്പ് തുണിയിട്ടാണ് കൊണ്ടുവന്നത്. ഇയാളുടെ പേരോ മറ്റു വിവരങ്ങളോ പൊലീസ് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ധര്‍മസ്ഥയുമായി ബന്ധപ്പെട്ട വനത്തിനുള്ളില്‍ 13 സ്ഥലങ്ങളാണ് ഇയാള്‍ അന്വേഷണ സംഘത്തിനു കാണിച്ചുകൊടുത്തിരിക്കുന്നത്. ഇവിടെ മണ്ണ് മാറ്റി പരിശോധിക്കും. ഇതിന്റെ വീഡിയോ ചിത്രീകരണവും അന്വേഷണസംഘം നടത്തും. 200 മീറ്ററോളം പുഴക്കരയിലൂടെ നടന്ന് അവിടെ നിന്ന് റവന്യു പുറമ്പോക്കിലേക്കും തുടര്‍ന്ന് വനത്തിലേക്കും കയറുകയായിരുന്നു. സ്‌നാനഘട്ടത്തില്‍നിന്ന് 20 മീറ്റര്‍ മാത്രം മാറിയാണ് ആദ്യസ്ഥലം അടയാളപ്പെടുത്തിയത്.
താന്‍ ശുചീകരണ തൊഴിലാളിയായി ജോലി ചെയ്തിരുന്ന കാലയളവില്‍ നൂറോളം മൃതദേഹങ്ങള്‍ ക്ഷേത്രവുമായി ബന്ധപ്പെട്ട ഭൂമിയില്‍ പലയിടത്തായി മറവ് ചെയ്തിട്ടുണ്ടെന്നാണ് പേര് വെളിപ്പെടുത്താത്ത ഈ 48 കാരന്റെ ആരോപണം. താന്‍ മറവ് ചെയ്തവരില്‍ പെണ്‍കുട്ടികളും സ്ത്രീകളും ഉണ്ടെന്ന് ഇയാള്‍ പറയുന്നു. ക്ഷേത്ര ഭാരവാഹികളുടെ അറിവോടെയാണ് ഇതെല്ലാം ചെയ്യിപ്പിച്ചതെന്നും ഇയാള്‍ പറയുന്നു.
കുറ്റബോധം തന്നെ വേട്ടയാടുകയാണെന്നും സമാധാനത്തോടെ കിടന്നുറങ്ങാന്‍ സാധിക്കുന്നില്ലെന്നും അതുകൊണ്ടാണ് ഇപ്പോഴത്തെ തുറന്നുപറച്ചില്‍. മൃതദേഹങ്ങള്‍ കുഴിച്ചിട്ട സ്ഥലങ്ങള്‍ കാണിച്ചു തരാനും ബ്രെയിന്‍ മാപ്പിങ്, പോളിഗ്രാഫ് അടക്കമുള്ള ഏത് പരിശോധനയ്ക്കും വിധേയനാകാമെന്നും ഇയാള്‍ പറയുമ്പോള്‍ വെളിപ്പെടുത്തലുകള്‍ കൂടുതല്‍ ഗൗരവസ്വഭാവമുള്ളതാകുന്നു.