Tirunelveli Honour Killing: ഐടിയിൽ രണ്ട് ലക്ഷത്തോളം ശമ്പളം പോലും കവിനെ തുണച്ചില്ല, ദുരഭിമാനക്കൊല നടത്തിയത് പോലീസ് ദമ്പതികൾ, അറസ്റ്റ് ചെയ്യാതെ പോലീസ്
കേസിലെ ഒന്നും രണ്ടും പ്രതികള്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കിലും ഇവരെ അറസ്റ്റ് ചെയ്തിട്ടില്ല. പോലീസ് ഇക്കാര്യത്തില്‍ ഒളിച്ചുകളി തുടരുകയാണെന്നും ഇവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരിക എന്നത് മാത്രമാണ് തങ്ങളുടെ ആവശ്യമെന്നും കവിന്റെ കുടുംബം വ്യക്തമാക്കുന്നു. ഈ വിഷയത്തില്‍ ധനസഹായമല്ലാതെ മറ്റൊരു ഇടപെടലും സര്‍ക്കാര്‍ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല. അതിനാല്‍ തന്നെ വിഷയത്തില്‍ സര്‍ക്കാരിനെതിരെ പ്രതിഷേധവും ശക്തമാണ്. ഐടി മേഖലയില്‍ മാസം രണ്ട് ലക്ഷത്തോളം ശമ്പളമുള്ള വ്യക്തിയായിരുന്നു കവിന്‍. എഞ്ചിനിയറിങ് ബിരുദധാരിയും മികച്ച ശമ്പളവും ഉണ്ടായിട്ടും കവിനെ കൊലപ്പെടുത്താന്‍ കാരണമായത് ജാതിബോധം ഒന്ന് മാത്രമാണെന്ന് വ്യക്തമാണ്. എന്നാല്‍ സംഭവത്തില്‍ പ്രതികരണം നടത്താന്‍ ഡിഎംകെ നേതാക്കളാരും തന്നെ രംഗത്ത് വന്നിട്ടില്ല. ഈ സാഹചര്യത്തില്‍ കൂടിയാണ് കെവിന്റെ കുടുംബം സര്‍ക്കാര്‍ പ്രതിനിധികളെ തിരിച്ചയച്ചത്.