തന്റെ നേര്‍ക്ക് വരുന്ന വിമര്‍ശനങ്ങളോടും ലഹരി ഉപയോഗത്തിനെ പറ്റിയുള്ള സമീപകാലത്തെ വിവാദങ്ങളോടും പ്രതികരിച്ച് നടന്‍ ശ്രീനാഥ് ഭാസി. ക്യൂ സ്റ്റുഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ലഹരി ഉള്‍പ്പെടെയുള്ള ഗുരുതരമായ ആരോപണങ്ങള്‍ക്കെതിരെയും പ്രൊഫഷണല്‍ ജീവിതത്തില്‍ നേരിടുന്ന വിമര്‍ശനങ്ങളോടും ശ്രീനാഥ് ഭാസി പ്രതികരിച്ചത്.
സോഷ്യല്‍ മീഡിയയിലൂടെയും മറ്റു മാര്‍ഗ്ഗങ്ങളിലൂടെയും തനിക്കെതിരെ ഇടവിടാതെ ആരോപണങ്ങള്‍ ഉയര്‍ത്തുന്നവര്‍ക്കെതിരെ രൂക്ഷഭാഷയിലാണ് നടന്‍ പ്രതികരിച്ചത്. യാതൊരു ജോലിയുമില്ലാത്തവരാണ് ഇത്തരം കഥകള്‍ ഇറക്കിവിടുന്നത്. ലഹരി അടിച്ചിട്ട് ക്യാമറയുടെ മുന്നില്‍ വന്നുനിന്നാല്‍ ഈ പണി ചെയ്യാനാവുമോ? ഞാന്‍ ഓടിനടന്ന് ലഹരി വില്‍പ്പന നടത്തുന്നവനല്ല. ഇത്തരം അധിക്ഷേപങ്ങള്‍ എന്നെ വ്യക്തിപരമായി തന്നെ ബാധിക്കുന്നുണ്ട്. ശ്രീനാഥ് ഭാസി പറഞ്ഞു. അതേസമയം സിനിമാസെറ്റുകളില്‍ സ്ഥിരം വൈകി വരുന്ന ഒരാളല്ല താനെന്നും ഇത്തരം അഭിപ്രായങ്ങളെല്ലാം ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള തന്റെ കഴിവിനെ ബാധിക്കുന്നുവെന്നും നടന്‍ പറഞ്ഞു. പ്രൊഫഷണലായി നില്‍ക്കുന്നവര്‍ക്ക് മാത്രമെ ഈ മേഖലയില്‍ നിലനില്‍പ്പുള്ളു. അനാവശ്യമായ വിമര്‍ശനങ്ങളെ അവഗണിക്കുകയാണ്. ക്രിയാത്മകമായ വിമേശനങ്ങള്‍ മാത്രം സ്വീകരിക്കും. എനിക്ക് പണം നല്‍കുന്ന നിര്‍മാതാക്കളുടെയും ഒപ്പം ജോലി ചെയ്യുന്നവരുടെയും വിലയിരുത്തല്‍ മാത്രമാണ് എനിക്ക് പ്രധാനം. ശ്രീനാഥ് ഭാസി കൂട്ടിച്ചേര്‍ത്തൂ.