അന്നൊക്കെ ഞാൻ മുമ്പിൽ നടക്കും അവർ എനിക്ക് പിറകെ വരും, പക്ഷെ ഇപ്പോൾ എല്ലാം മാറി: മമ്മൂട്ടി പറയുന്നു

നിഹാരിക കെ.എസ്

ബുധന്‍, 14 മെയ് 2025 (11:32 IST)
മനുഷ്യന്റെ ജീവിതചക്രത്തെ കുറിച്ച് മമ്മൂട്ടി ഒരിക്കൽ അഭിമുഖത്തിൽ പറഞ്ഞ ചില കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ന്യൂജെൻ പിള്ളേരേക്കാൾ അപ്ഡേറ്റഡാണ് മമ്മൂക്ക എന്നാണ് സഹപ്രവർത്തകരും ആരാധകരും പറയാറുള്ളത്. അത് തെളിയിക്കുന്ന വാക്കുകളാണ് അദ്ദേഹം പറഞ്ഞത്. മക്കൾ മുതിർന്നശേഷം താൻ എല്ലാ കാര്യങ്ങൾക്കും അവരെ ആശ്രയിക്കാറുണ്ടെന്നാണ് അദ്ദേഹം പറയുന്നത്. 
 
ട്രെന്റിനൊപ്പം സഞ്ചരിക്കുകയും തന്നെ തന്നെ പുതുക്കുകയും ചെയ്യുന്ന മലയാളത്തിലെ ചുരുക്കം ചില അഭിനേതാക്കളിൽ ഒരാൾ. ഇന്നത്തെ ലോകത്തിന്റെ മാറ്റങ്ങൾക്ക് അനുസരിച്ചുള്ള കാര്യ വിവരം തന്നേക്കാൾ അവർക്കാണെന്നും നടൻ പറയുന്നു. തന്നെപ്പോലെ തന്നെയാണ് ഒട്ടുമിക്ക മാതാപിതാക്കളുമെന്നും പക്ഷെ എല്ലാവരും ഇതൊന്നും തുറന്ന് സമ്മതിക്കില്ലെന്നും നടൻ പറഞ്ഞു. 
 
'എന്റെ കുഞ്ഞുങ്ങൾ ചെറുതായിരുന്ന കാലത്ത് ഞാൻ മുമ്പിൽ നടക്കും അവർ എനിക്ക് പിറകെ വരും. കാരണം ആ സമയത്ത് അവരെക്കാൾ കൂടുതൽ കാര്യ വിവരവും ലോക വിവരവും എനിക്ക് കൂടുതലായിരുന്നു. പക്ഷെ ഇപ്പോൾ എല്ലാം മാറി. ഞാൻ എന്റെ മക്കൾക്ക് പിന്നിലാണ് നടക്കുന്നത്. മക്കളാണ് മുന്നിൽ നടക്കുന്നത്. കാരണം, എന്നെക്കാൾ കൂടുതൽ കാര്യ വിവരങ്ങളും എന്നെക്കാൾ കൂടുതൽ ലോക വിവരവും എന്റെ മക്കൾക്കാണ്. സത്യം പറഞ്ഞതാണ് ഞാൻ. പണ്ട് വെളിനാടുകളിൽ പോകുമ്പോൾ മക്കൾ കുഞ്ഞുങ്ങളാണ്. അവർക്ക് ഒന്നും അറിയാത്തതുകൊണ്ട് അവർ എന്റെ പുറകിൽ വരും. ഇപ്പോൾ ഞാൻ അവരുടെ പിറകെ പോകും. അത് പക്ഷെ പല പിതാക്കന്മാരും സമ്മതിക്കുന്നില്ല', മമ്മൂട്ടി പറഞ്ഞു. 
 
അടുത്തിടെയാണ് ചില ആരോ​ഗ്യപ്രശ്നങ്ങൾ നടനെ അലട്ടുന്നുണ്ടെന്ന വാർത്ത പുറത്ത് വന്നത്. മമ്മൂട്ടിക്ക് കാൻസർ ബാധിതനാണെന്ന തരത്തിലും റിപ്പോർട്ടുകൾ പ്രചരിച്ചിരുന്നു. എന്നാൽ അതെല്ലാം നടനുമായി ബന്ധപ്പെട്ട വൃത്തങ്ങൾ തള്ളി. പക്ഷെ കഴിഞ്ഞ കുറച്ച് നാളുകളായി ആരോ​ഗ്യപ്രശ്നങ്ങൾ അലട്ടുന്നതിനാൽ സിനിമാ തിരക്കുകളിൽ നിന്നെല്ലാം വിട്ട് മാറി വിശ്രമ ജീവിതം നയിക്കുകയാണ് അദ്ദേഹം. ഈ മാസം കേരളത്തിലെത്തുമെന്നും റിപ്പോർട്ടുകളുണ്ട്.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍