മമ്മൂട്ടി ആരോഗ്യവാനാണോ? സനിൽ കുമാറിന്റെ വാക്കുകൾ വൈറൽ ആവുന്നു (വീഡിയോ)

നിഹാരിക കെ.എസ്

ചൊവ്വ, 13 മെയ് 2025 (17:36 IST)
മമ്മൂട്ടിയുടെ ആരോഗ്യനില സംബന്ധിച്ച അഭ്യൂഹങ്ങൾ കൊണ്ട് നിറയുകയാണ് സോഷ്യൽ മീഡിയ. അദ്ദേഹത്തിന് കുഴപ്പമൊന്നുമില്ലെന്ന് ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ നിന്നും അറിയിപ്പ് വന്നിട്ടും ചില സോഷ്യൽ മീഡിയ ഗ്രൂപ്പുകളിൽ ഇത് സംബന്ധിച്ച് അഭ്യൂഹങ്ങൾ പ്രചരിക്കുന്നുണ്ട്. മെഗാസ്‌റ്റാറിന്റെ പെട്ടെന്നുണ്ടായ പൊതുവേദികളിൽ നിന്നുള്ള പിന്മാറ്റവും, അതിന് പിന്നാലെ മോഹൻലാൽ ശബരിമലയിൽ പ്രിയപ്പെട്ട ഇച്ഛക്കയ്ക്കായി നടത്തിയ വഴിപാടുമാണ് എല്ലാത്തിനും തുടക്കം. 
 
ഇപ്പോൾ, മമ്മൂട്ടിയുടെ ആരോഗ്യനിലയെ കുറിച്ച് താരത്തിന്റെ ചാർട്ടേഡ് അക്കൗണ്ടന്റ് ആയ സനിൽ കുമാർ നടത്തിയ പുതിയ വെളിപ്പെടുത്തലുകൾ വൈറൽ ആവുകയാണ്. സനിൽ കുമാർ അടുത്തിടെ ക്യാൻ ചാനൽസിന് നൽകിയ അഭിമുഖമാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെയും റെഡിറ്റ് പ്രേക്ഷകരുടെയും ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുന്നത്. മമ്മൂട്ടിയുമായി അടുത്ത ബന്ധം സൂക്ഷിക്കുന്ന സനിൽ കുമാർ, മെഗാസ്റ്റാർ ചികിത്സയുടെ ഭാഗമായുള്ള ഇടവേളയിൽ ആണെന്നാണ് വെളിപ്പെടുത്തിയിരിക്കുന്നത്.
 
മമ്മുക്ക എന്നാണ് ഷൂട്ടിംഗ് തിരക്കുകളിലേക്ക് മടങ്ങിയെത്തുക എന്ന ചോദ്യത്തിന്, ചികിത്സയുടെ ഇടവേളകളിൽ അദ്ദേഹം ലൊക്കേഷനുകളിൽ എത്തും എന്ന മറുപടിയാണ് സനിൽ കുമാർ നൽകിയത്. മെഗാസ്റ്റാർ ഉടൻ തന്നെ മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രത്തിന്റെ ഷൂട്ടിംഗ് പുനരാരംഭിക്കുമെന്നും സനിൽ അറിയിച്ചു.
 
 നേരത്തെ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്ന, മമ്മൂട്ടി കൊളോൺ കാൻസർ ബാധിതനായി ചികിത്സയിലാണ് എന്ന അഭ്യൂഹങ്ങൾ വീണ്ടും പ്രചാരം നേടുന്ന തരത്തിലാണ് റെഡിറ്റിൽ ചർച്ചകൾ നടക്കുന്നത്. എന്നാൽ മെഗാസ്റ്റാറും, അദ്ധേഹത്തിന്റെ മകനും നടനുമായ ദുൽഖർ സൽമാനും, കുടുംബവും ഇതുവരെ വാർത്തകളോടും ഊഹാപോഹങ്ങളോടും പ്രതികരിച്ചിട്ടില്ല.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍