മാധ്യമപ്രവര്‍ത്തകര്‍ ഏതറ്റം വരെ പോകണമെന്ന് അവര്‍തന്നെ തീരുമാനിക്കട്ടെയെന്ന് എ പി അനില്‍ കുമാര്‍

Webdunia
ശനി, 27 ജൂലൈ 2013 (11:33 IST)
PRO
സോളാര്‍ വിവാദവുമായി ബന്ധപ്പെട്ട് തനിക്കെതിരെ പുറത്തുവന്ന ചാനല്‍ വെളിപ്പെടുത്തലിനെ കുറിച്ച്‌ കൂടുതലൊന്നും പറയാനില്ലെന്ന്‌ ടൂറിസം മന്ത്രി എ പി അനില്‍ കുമാര്‍. പറയാനുള്ളതെല്ലാം പറഞ്ഞു കഴിഞ്ഞു,​ മാധ്യമപ്രവര്‍ത്തനം ഏതറ്റം വരെ പോകണമെന്ന്‌ മാധ്യമപ്രവര്‍ത്തകര്‍ തന്നെ തീരുമാനിക്കട്ടെ. രാജിവയ്‌ക്കണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യത്തോട്‌ പ്രതികരിക്കാനില്ലെന്നും മന്ത്രി പറഞ്ഞു.

മന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ അഡിഷണല്‍ പ്രൈവറ്റ് സെക്രട്ടറി എന്‍ കേശവനാണെന്ന വ്യാജേന മന്ത്രി എ പി അനില്‍ കുമാറിന്റെ ഫോണില്‍ ചാനല്‍ റിപ്പോര്‍ട്ടര്‍ വിളിക്കുകയും അതിന്റെ ഏതാനും ഭാഗം പുറത്ത് വിട്ടതോടെയാണ് വിവാദം ഉയര്‍ന്നത്.

കേസിലെ മുഖ്യപ്രതിയായ സരിത എസ്‌ നായര്‍ കോടതിയില്‍ എഴുതി സമര്‍പ്പിക്കുന്ന മൊഴിയില്‍നിന്നു മന്ത്രിമാരുള്‍പ്പടെ ചില പ്രമുഖരുടെ പേര്‌ ഒഴിവാക്കാന്‍ ഗൂഢാലോചനയും ചരടുവലിയും നടന്നുവെന്നായിരുന്നു കഴിഞ്ഞ ദിവസം വെളിപ്പെടുത്തല്‍.