ആനയുടെ ചവിട്ടേറ്റു മരിച്ച സ്ത്രീയുടെ സ്വര്‍ണാഭരണങ്ങള്‍ നഷ്ടപ്പെട്ടതായി ബന്ധുക്കളുടെ പരാതി. കൊയിലാണ്ടി മണക്കുളങ്ങര ക്ഷേത്രത്തിലുണ്ടായ ദുരന്തത്തില്‍ ആനയുടെ ചവിട്ടേറ്റു മരിച്ച കുറുവങ്ങാട് സ്വദേശി ലീലയുടെ ദേഹത്തുണ്ടായിരുന്ന സ്വര്‍ണാഭരണങ്ങളാണ് നഷ്ടപ്പെട്ടത്. രണ്ടര പവന്റെ മാലയും രണ്ടു കമ്മലും ആണ് നഷ്ടപ്പെട്ടതെന്ന് ബന്ധുക്കള്‍ പറയുന്നു. ഇവരുടെ കൈകളില്‍ ഉണ്ടായിരുന്ന മൂന്നുവളകള്‍ ആശുപത്രി അധികൃതര്‍ ബന്ധുക്കള്‍ക്ക് തിരിച്ചു നല്‍കിയിട്ടുണ്ട്.
വ്യാഴാഴ്ചയാണ് അപകടം നടന്നത്. ഉടന്‍ തന്നെ ലീലയെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. മകനും ബന്ധുക്കളും ചേര്‍ന്നാണ് ഇവരെ ആശുപത്രിയില്‍ എത്തിച്ചത്. ആശുപത്രിയില്‍ എത്തിക്കുമ്പോള്‍ ഇവരുടെ ശരീരത്തില്‍ ആഭരണങ്ങള്‍ ഉണ്ടായിരുന്നതായി പറയുന്നു. എന്നാല്‍ മെഡിക്കല്‍ കോളേജിലെ മോര്‍ച്ചറിയിലേക്ക് മൃതദേഹം മാറ്റുന്നതിനിടയിലാണ് ആഭരണം നഷ്ടപ്പെട്ടതെന്ന് കരുതുന്നത്.