ജില്ലാ കളക്ടറുടെ നിര്‍ദേശത്തിന് പുല്ലുവില? മോഹന്‍ ഭാഗവത് എയ്ഡഡ് സ്‌കൂളില്‍ പതാക ഉയര്‍ത്തി; പൊലീസ് കേസെടുത്തേക്കും

Webdunia
ചൊവ്വ, 15 ഓഗസ്റ്റ് 2017 (09:41 IST)
ജില്ലാ കളക്ടറുടെ നിര്‍ദേശത്തിന് പുല്ലുവില കല്‍പ്പിച്ച് ആര്‍ എസ് എസ് മോഹന്‍ ഭാഗവത് സ്കൂളില്‍ ദേശീയ പതാക ഉയര്‍ത്തി. ആര്‍ എസ്എസ് ആഭിമുഖ്യമുളള മാനെജ്‌മെന്റിന്റെ നിയന്ത്രണത്തിലുളള പാലക്കാട് മുത്താംന്തറ കര്‍ണകിയമ്മന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് മോഹന്‍ ഭാഗവത് പതാക ഉയര്‍ത്തിയത്.
 
എയ്ഡഡ് സ്‌കൂളുകളില്‍ രാഷ്ട്രീയ നേതാക്കള്‍ സ്വാതന്ത്ര്യപതാക ഉയര്‍ത്തുന്നത് ചട്ടലംഘനമാണെന്നും പ്രധാന അധ്യാപകനോ ജനപ്രതിനിധികള്‍ക്കോ പതാക ഉയര്‍മെന്നും കളക്ടര്‍ വ്യക്തമാക്കിയിരുന്നു. അതോടൊപ്പം, മോഹന്‍ ഭാഗവതിനോട് പതാക ഉയര്‍ത്തരുതെന്നും കളക്ടര്‍ വ്യക്തമാക്കിയിരുന്നു. ഈ വിലക്ക് മറികടന്നാണ് ഇപ്പോള്‍ പതാക ഉയര്‍ത്തിയിരിക്കുന്നത്.
 
തീരുമാനിച്ച പരിപാടിയില്‍ നിന്നും പിന്നോട്ടില്ലെന്ന് വ്യക്തമാക്ക്കിയായിരുന്നു ആര്‍എസ്എസ് മേധാവി പതാക ഉയര്‍ത്തിയത്. സ്‌കൂള്‍ മാനെജ്‌മെന്റ് അംഗങ്ങളും പ്രിസിപ്പലും അടക്കമുളളവര്‍ ചടങ്ങിന് ഉണ്ടായിരുന്നു. വിലക്ക് ലംഘിച്ച് പതാക ഉയര്‍ത്തിയതിന് മോഹന്‍ ഭാഗവതിന് എതിരെ നിയമനടപടികള്‍ പൊലീസ് സ്വീകരിക്കും. 
 
എയ്ഡഡ് സ്‌കൂളുകളില്‍ നിലവിലുളള ചട്ടങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് മോഹന്‍ ഭാഗവതിനെ നേരത്തെ കളക്ടര്‍ വിലക്കിയത്. . ഇക്കാര്യം ചൂണ്ടിക്കാണിച്ച് സ്‌കൂള്‍ അധികൃതര്‍ക്കും എസ്പിക്കും ആര്‍എസ്എസ് നേതൃത്വത്തിനും കളക്ടര്‍ നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ എല്ലാ വിലക്കുകളെയും മറികടന്നാണ് ആര്‍എസ്എസ് നേതൃത്വം പതാക ഉയര്‍ത്തല്‍ ചടങ്ങുമായി മുന്നോട്ട് പോയത്.
Next Article