അമേരിക്ക നാടുകടത്തിയ ഇന്ത്യക്കാരില്‍ രണ്ടുപേരെ കൊലപാതക കേസില്‍ പഞ്ചാബ് പോലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച രാത്രി വിമാനത്താവളത്തിലെത്തിയ രണ്ട് യുവാക്കളെയാണ് പോലീസ് പിടികൂടിയത്. പാട്യാല ജില്ലയിലെ രാജ്പുരിയില്‍ നിന്നുള്ള യുവാക്കളാണ് ഇവര്‍. 116 പേരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. വിമാനത്തില്‍ നിന്ന് പ്രതികള്‍ ഇറങ്ങുമ്പോള്‍ പോലീസ് വിമാനത്താവളത്തില്‍ ഇവരെ കാത്തുനില്‍ക്കുകയായിരുന്നു.
സന്ദീപ് സിംഗ്, പ്രദീപ് സിംഗ് എന്നിവരാണ് അറസ്റ്റിലായത്. അമൃത്സര്‍ വിമാനത്താവളത്തിലെത്തിയ അനധികൃത കുടിയേറ്റക്കാരില്‍ കൊലപാതക കേസില്‍ ഉള്‍പ്പെട്ടവര്‍ ഉണ്ടെന്ന് പോലീസിന് രഹസ്യവിവരം ലഭിക്കുകയായിരുന്നു. 2023 ജൂണിലാണ് ഇവര്‍ക്കെതിരെ കൊലപാതക കുറ്റം പോലീസ് ചുമത്തിയത്.