ചോദ്യങ്ങൾ ഓരോ ഘട്ടത്തിലുമുണ്ടാവും, ജനങ്ങൾക്ക് തൃപ്തികരമായ മറുപടികൾ വല്ലതുമുണ്ടെങ്കിൽ തരുക, അല്ലാതെ ചൊറിയാൻ വരരുത്: പുതിയ സര്‍ക്കാറിനെതിരെ വി ടി ബല്‍റാം എംഎല്‍എ
പുതിയ സര്‍ക്കാര്‍ അധികാരമേറ്റപ്പോള്‍ പ്രതിപക്ഷത്തിനും ചില ദൗത്യങ്ങള്‍ ഉണ്ടെന്ന് ഓര്‍മ്മപ്പെടുത്തി വി ടി ബല്‍റാം എംഎല്‍എയുടെ ഫേസ്‌ബുക്ക് പോസ്റ്റ്. പാര്‍ലമെന്ററി ജനാധിപത്യമാണ് ഇന്ത്യയില്‍ നിലനില്‍ക്കുന്നത്. ജനാധിപത്യ വ്യവസ്ഥിതിയില്‍ പ്രതിപക്ഷമെന്നത് ഏതെങ്കിലും ചില വ്യക്തികളല്ല, ഇന്‍സ്റ്റിറ്റിയൂഷനാണ്. ജനങ്ങള്‍ക്ക് വേണ്ടി ഭരിക്കുന്ന സര്‍ക്കാരിനെ നിരന്തരം വിലയിരുത്തുക, നല്ല പ്രവര്‍ത്തനങ്ങളെ പിന്തുണക്കുന്നതോടൊപ്പം തെറ്റുകളും അപഭ്രംശങ്ങളും ചൂണ്ടിക്കാണിക്കുക, ജനദ്രോഹ നയങ്ങളെ തുറന്നെതിര്‍ക്കുക എന്നതൊക്കെയാണ് പ്രതിപക്ഷ ധര്‍മ്മം. ഫേസ്‌ബുക്ക് പോസ്റ്റില്‍ ചൂണ്ടിക്കാട്ടുന്നു.
വി ടി ബല്‍റാം എംഎല്‍എയുടെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:
പിണറായി ഭക്തുകളുടെ പ്രത്യേക ശ്രദ്ധക്ക്,
കേരളത്തിലും ഇന്ത്യയിലും നിലനിൽക്കുന്ന വ്യവസ്ഥിതിയുടെ പേര് കമ്മ്യൂണിസമെന്നോ തൊഴിലാളിവർഗ്ഗ സർവ്വാധിപത്യമെന്നോ അല്ല, പാർലമെന്ററി ജനാധിപത്യമെന്നാണ്. ഇത്തരമൊരു ജനാധിപത്യ വ്യവസ്ഥിതിയിൽ പ്രതിപക്ഷമെന്നത് ഒരു ഇൻസ്റ്റിറ്റ്യൂഷനാണ്, അല്ലാതെ ഏതെങ്കിലും ചില വ്യക്തികളല്ല. ഭരണപക്ഷത്തോടൊപ്പം പ്രതിപക്ഷത്തിനും ഉത്തരവാദിത്തങ്ങളും അവകാശങ്ങളുമുണ്ട്. ജനങ്ങൾക്ക് വേണ്ടി ഭരിക്കുന്ന സർക്കാരിനെ നിരന്തരം വിലയിരുത്തുക, നല്ല പ്രവർത്തനങ്ങളെ പിന്തുണക്കുന്നതോടൊപ്പം തെറ്റുകളും അപഭ്രംശങ്ങളും ചൂണ്ടിക്കാണിക്കുക, ജനദ്രോഹ നയങ്ങളെ തുറന്നെതിർക്കുക എന്നതൊക്കെയാണ് പ്രതിപക്ഷ ധർമ്മം. അതുകൊണ്ടുതന്നെ പ്രതിപക്ഷത്തിന്റെ ഭാഗത്തുനിന്ന് നിയമസഭക്കകത്തും പുറത്തുമുയരുന്ന ചോദ്യങ്ങൾ പ്രതിപക്ഷനിരയിലെ ഏതെങ്കിലും നേതാവിന്റെ വ്യക്തിപരമായതോ പ്രതിപക്ഷ രാഷ്ട്രീയപാർട്ടിയുടെ രാഷ്ട്രീയപരമായതോ ആയ ചോദ്യങ്ങളല്ല, മറിച്ച് ജനങ്ങളുടെ ഭാഗത്തുനിന്ന് ഉയരുന്ന ചോദ്യങ്ങളുടെ വ്യവസ്ഥാപിതമായ രൂപം മാത്രമാണ്. അതുകൊണ്ടുതന്നെ അത്തരം ചോദ്യങ്ങൾക്കുള്ള മറുപടിയും നൽകേണ്ടത് ജനങ്ങളോടാണ്, ജനങ്ങൾക്ക് ബോധ്യമാവുന്ന തരത്തിലാണ്. അല്ലാതെ ചോദ്യമുന്നയിക്കുന്നവരുടെ വ്യക്തിപരമായ ക്രഡിബിലിറ്റി ചോദ്യം ചെയ്തോ "നിങ്ങൾ പണ്ട് ഭരിച്ചിരുന്നപ്പോൾ അങ്ങനെ ചെയ്തില്ലേ ഇങ്ങനെ ചെയ്തില്ലേ" എന്നൊക്കെ തിരിച്ച് ചോദിച്ച് വായടപ്പിക്കാൻ നോക്കിയോ അല്ല. മുൻകാലങ്ങളിൽ ഭരിക്കുന്നവരുടെ ഭാഗത്തുനിന്ന് എന്തെങ്കിലും തെറ്റുകൾ ഉണ്ടായിട്ടുണ്ടെങ്കിൽ അത് തിരുത്തിക്കാൻ അന്നും ഒരു പ്രതിപക്ഷത്തിനെ ജനങ്ങൾ ചുമതലപ്പെടുത്തിയിരുന്നു. അവരത് നിറവേറ്റിയിട്ടുണ്ടോ ഇല്ലയോ എന്നത് ഇപ്പോഴത്തെ പ്രതിപക്ഷത്തിന്റെ ഉത്തരവാദിത്തമല്ല. പഴയകാലത്തെ ഭരണത്തിന്റെ തെറ്റുകൾ തിരുത്തുക എന്നതും അതിന്റെ ഉത്തരവാദികളെ മാതൃകാപരമായി ശിക്ഷിക്കുക എന്നതും കൂടി ഇപ്പോൾ ഭരിക്കുന്നവരുടെ ചുമതലയാണ്.
അടുത്ത അഞ്ച് വർഷത്തേക്ക് മൊത്തത്തിലാണ് ഞങ്ങളിത് പറയുന്നത്, കാരണം അഞ്ച് വർഷം പ്രതിപക്ഷമായിരിക്കുക എന്നതാണ് ജനങ്ങൾ ഞങ്ങളെ ഏൽപ്പിച്ചിരിക്കുന്ന ദൗത്യം. അതുകൊണ്ടുതന്നെ ചോദ്യങ്ങൾ ഓരോ ഘട്ടത്തിലുമുണ്ടാവും. ജനങ്ങൾക്ക് തൃപ്തികരമായ മറുപടികൾ വല്ലതുമുണ്ടെങ്കിൽ തരുക, അല്ലാതെ ചൊറിയാൻ വരരുത്.
അതുകൊണ്ട് ജനകീയ ഓഡിറ്റിംഗ് തുടരുക തന്നെ ചെയ്യും. ഭക്തുകൾക്ക് മനസ്സിലാവുന്നുണ്ടല്ലോ അല്ലേ?