നിങ്ങളുടെ ഫോൺ വിവരങ്ങൾ ആരെങ്കിലും ചോർത്തുന്നുയെന്ന സംശയം തോന്നുന്നുണ്ടോ? എങ്കില്‍ അത്തരം ആളുകള്‍ക്ക് ആശ്വാസവുമായി എഡ്‌വേഡ് സ്‌നോഡൻ രംഗത്ത്. സർക്കാരിതര ഏജൻസികളോ സർക്കാരോ ഫോൺ വിവരങ്ങൾ ചോർത്തുന്നുണ്ടെങ്കിൽ അതേകുറിച്ച് സൂചന നൽകുന്ന ഉപകരണത്തിന്റെ രൂപരേഖയാണ് സ്‌നോഡൻ പുറത്തിറക്കിയിരിക്കുന്നത്.
മൊബൈൽ കവറിനോട് സാദൃശ്യമുള്ള ഒരു ഉപകരണമാണ് ഇത്. മൊബൈലിലേക്ക് വരുന്ന റേഡിയോ തരംഗങ്ങളും സംശയാസ്പദമായ സിഗ്നലുകളും ഈ ഉപകരണം തിര്‍ച്ചറിയുകയും നമുക്ക് സൂചന നല്‍കുകയും ചെയ്യും. സിഗ്നലുകളുടെ എല്ലാ വിവരങ്ങളും ഉപയോഗ ദൈർഘ്യവും ഒരു ചെറിയ സ്‌ക്രീനിന്‍റ സഹായത്തോടെയാണ് ഇത് അറിയിക്കുക. നിലവിൽ ഐ ഫോൺ 6 ൽ മാത്രമാണ് ഇത് പ്രവർത്തിക്കുക.
‘ഇൻട്രോസ്പെക്ഷൻ എഞ്ചിൻ’ എന്നു പേരിട്ടിരിക്കുന്ന ഈ ഉപകരണം ഗവൺമെന്റ് ഏജൻസികളുടെ ഇടപെടലുകൾ ഉണ്ടാകാതിരിക്കാനും പത്രപ്രവർത്തകർ ചതിക്കപെടാതിരിക്കുന്നതിനും വേണ്ടിയാണ് നിര്‍മ്മിച്ചതെന്ന് സ്‌നോഡൻ വ്യക്തമാക്കി. ടെലികോൺഫെറെൻസിങ് വഴിയാണ് മോസ്കൊയിൽ നിന്നും സ്‌നോഡൻ പുതിയ ഉപകരണം പുറത്തിറക്കിയത്.