Breaking News: മലയാളി താരം സഞ്ജു സാംസണ്‍ ട്വന്റി 20 ലോകകപ്പ് ടീമില്‍. സഞ്ജുവിന് ലോകകപ്പ് ടീമിലേക്ക് വിളി ലഭിച്ചതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ബിസിസിഐയുമായി അടുത്ത വൃത്തങ്ങളാണ് സഞ്ജു ലോകകപ്പ് സ്‌ക്വാഡില്‍ ഉണ്ടാകുമെന്ന് റിപ്പോര്‍ട്ട് ചെയ്യുന്നത്. പ്രധാന വിക്കറ്റ് കീപ്പര്‍ ബാറ്ററായാകും സഞ്ജുവിനെ ടീമില്‍ ഉള്‍പ്പെടുത്തുക. ലോകകപ്പ് ടീം പ്രഖ്യാപനം മേയ് ആദ്യവാരത്തില്‍ ഉണ്ടാകും.
ഐപിഎല്ലിലെ മികച്ച പ്രകടനമാണ് സഞ്ജുവിന് ലോകകപ്പ് ടീമിലേക്കുള്ള വിളി ലഭിക്കാന്‍ കാരണം. ഈ സീസണില്‍ എട്ട് മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ 152.43 സ്‌ട്രൈക്ക് റേറ്റില്‍ 314 റണ്‍സാണ് സഞ്ജു നേടിയിരിക്കുന്നത്. പുറത്താകാതെ നേടിയ 82 റണ്‍സാണ് ടോപ് സ്‌കോര്‍. മൂന്ന് അര്‍ധ സെഞ്ചുറികളും താരത്തിന്റെ പേരിലുണ്ട്.
അതേസമയം ബാക്കപ്പ് വിക്കറ്റ് കീപ്പറായി റിഷഭ് പന്തിനെയാണ് ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്തുക. കെ.എല്‍.രാഹുല്‍ ലോകകപ്പ് സ്‌ക്വാഡില്‍ ഉണ്ടാകില്ല.