Sanju Samson: ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ മലയാളി താരം സഞ്ജു സാംസണെ ഉള്‍പ്പെടുത്തിയില്ലെങ്കില്‍ അത് നീതികേടാകുമെന്ന് ആരാധകര്‍. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെ നയിക്കുന്ന സഞ്ജു ഇതുവരെ മികച്ച പ്രകടനമാണ് നടത്തിയിട്ടുള്ളത്. മികവിന്റെ അടിസ്ഥാനത്തിലാണ് ടീം സെലക്ഷനെങ്കില്‍ വിക്കറ്റ് കീപ്പര്‍ ബാറ്ററായി ടീമില്‍ സ്ഥാനം പിടിക്കേണ്ടത് സഞ്ജു തന്നെയാണെന്ന് ആരാധകര്‍ പറയുന്നു.
ഐപിഎല്ലില്‍ എട്ട് മത്സരങ്ങളില്‍ നിന്ന് 152.43 സ്‌ട്രൈക്ക് റേറ്റില്‍ 314 റണ്‍സാണ് സഞ്ജു അടിച്ചുകൂട്ടിയിരിക്കുന്നത്. പുറത്താകാതെ നേടിയ 82 ആണ് ഉയര്‍ന്ന സ്‌കോര്‍. മൂന്ന് അര്‍ധ സെഞ്ചുറികള്‍ താരത്തിന്റെ പേരിലുണ്ട്. ഐപിഎല്‍ റണ്‍വേട്ടക്കാരുടെ പട്ടികയില്‍ നാലാം സ്ഥാനത്താണ് സഞ്ജു ഇപ്പോള്‍. ഇന്ത്യ ലോകകപ്പിലേക്ക് പരിഗണിക്കുന്ന വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരില്‍ സഞ്ജുവിന് പിന്നിലുള്ളത് എട്ടാം സ്ഥാനത്തുള്ള കെ.എല്‍.രാഹുലാണ്. ഏഴ് കളികളില്‍ നിന്ന് 286 റണ്‍സാണ് രാഹുല്‍ നേടിയിരിക്കുന്നത്. എന്നാല്‍ സ്‌ട്രൈക്ക് റേറ്റ് വെറും 143 ആണ് !
ഐപിഎല്ലിലെ പ്രകടനം കണക്കിലെടുക്കുമ്പോള്‍ വിക്കറ്റ് കീപ്പര്‍മാരില്‍ സ്ഥിരതയുള്ള പ്രകടനം കാഴ്ചവെയ്ക്കുന്നത് സഞ്ജുവാണ്. സാഹചര്യം മനസിലാക്കി ഓരോ കളിയിലും സഞ്ജു ബാറ്റ് ചെയ്യുന്നുണ്ട്. മാത്രമല്ല ഏത് പൊസിഷനിലും ബാറ്റ് ചെയ്യാനുള്ള കഴിവും സഞ്ജുവിനുണ്ട്. ചെയ്യാവുന്നതിന്റെ പരമാവധി സഞ്ജു ഈ സീസണില്‍ രാജസ്ഥാനു വേണ്ടി ചെയ്യുന്നുണ്ട്. ഇതിനെയെല്ലാം കണ്ടില്ലെന്ന് നടിക്കാന്‍ സെലക്ടര്‍മാര്‍ക്ക് സാധിക്കുമോ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. ബാറ്റര്‍ എന്നതിനു പുറമേ വിക്കറ്റ് കീപ്പര്‍ എന്ന നിലയിലും ഈ സീസണില്‍ ഏറ്റവും മികച്ച പ്രകടനമാണ് സഞ്ജു നടത്തിക്കൊണ്ടിരിക്കുന്നത്.