രഞ്ജി കളിച്ചാല്‍ പോലും ഒരു ഐഐടിക്കാരന്റെ ശമ്പളം, ആഭ്യന്തര ക്രിക്കറ്റ് പ്രോത്സാഹിപ്പിക്കാന്‍ വമ്പന്‍ പ്രഖ്യാപനവുമായി ബിസിസിഐ

അഭിറാം മനോഹർ
വ്യാഴം, 25 ഏപ്രില്‍ 2024 (19:54 IST)
ഐപിഎല്ലിന്റെ പണക്കൊഴുപ്പിനിടയില്‍ അവഗണിക്കപ്പെടുന്ന ആഭ്യന്തര ക്രിക്കറ്റിനെ പ്രോത്സാഹിപ്പിക്കാന്‍ വമ്പന്‍ പ്രഖ്യാപനവുമായി ബിസിസിഐ. നിലവില്‍ ഐപിഎല്ലില്‍ പങ്കെടുക്കുന്ന ക്രിക്കറ്റ് താരങ്ങള്‍ക്കെല്ലാം മികച്ച പ്രതിഫലമാണ് ലഭിക്കുന്നത്. കൂടുതല്‍ ക്ലാസും സ്‌കില്ലും കായികക്ഷമതയും ആവശ്യപ്പെടുന്ന ടെസ്റ്റ് ക്രിക്കറ്റ് കളിക്കുന്നവരെ നിരാശരാക്കുന്നതാണ് ഐപിഎല്ലില്‍ പല താരങ്ങള്‍ക്കും ലഭിക്കുന്ന പ്രതിഫലം. അതിനല തന്നെ കൂടുതല്‍ പേരും ഐപിഎല്‍ ക്രിക്കറ്റിലേക്ക് പോകാനാണ് നിലവില്‍ താത്പര്യപ്പെടുന്നത്.
 
ടി20 വന്നതോടെ ആരാധകരെ നഷ്ടമായ ആഭ്യന്തര ക്രിക്കറ്റിനെ പ്രോത്സാഹിപ്പിക്കാനായി വമ്പന്‍ പ്രഖ്യാപനമാണ് ഇപ്പോള്‍ ബിസിസിഐ നടത്തിയിരിക്കുന്നത്. ആഭ്യന്തര ക്രിക്കറ്റ് കളിക്കുന്ന കളിക്കാര്‍ക്ക് വര്‍ഷം 75 ലക്ഷം മുതല്‍ ഒരു കോടി വരെ ശമ്പളം ഉറപ്പാക്കുമെന്നാണ് ബിസിസിഐയുടെ പ്രഖ്യാപനം. നിലവില്‍ 40 രഞ്ജി മത്സരങ്ങള്‍ കളിച്ച ഒരു താരത്തിന് ഒരു ദിവസം രഞ്ജി കളിക്കാനായി 60,000 രൂപയാണ് പ്രതിഫലമായി ലഭിക്കുന്നത്. 2140 മത്സരങ്ങള്‍ കളിച്ചവര്‍ക്ക് 50,000 രൂപയും അതിന് താഴെയുള്ളവര്‍ക്ക് 30,000, 25,000, എന്നിങ്ങനെയും പ്രതിഫലം ലഭിക്കും.
 
ഈ പ്രതിഫല നിരക്ക് ഉയര്‍ത്തി ഒരു വര്‍ഷം പത്തിലേറെ രഞ്ജി മത്സരങ്ങള്‍ കളിക്കുന്നവര്‍ക്ക് 75 ലക്ഷം മുതല്‍ ഒരു കോടി വരെ പ്രതിഫലമായി നല്‍കുമെന്നാണ് ബിസിസിഐയുടെ പ്രഖ്യാപനം. ടെസ്റ്റ് ക്രിക്കറ്റിനെ സംരക്ഷിക്കുന്നതിനായാണ് ഈ തീരുമാനമെന്ന് ബിസിസിഐ അറിയിച്ചു. ഇതോടെ ഒരു മത്സരത്തില്‍ നിലവില്‍ ഒരു രഞ്ജി താരത്തിന് ലഭിക്കുന്ന പ്രതിഫലം മൂന്നിരട്ടിയോളം ഉയരും. രഞ്ജി ക്രിക്കറ്റിലേക്ക് കൂടുതല്‍ താരങ്ങളെ ആകര്‍ഷിക്കാന്‍ ഈ തീരുമാനത്തിനാകുമെന്നാണ് ബിസിസിഐയുടെ പ്രതീക്ഷ.

അനുബന്ധ വാര്‍ത്തകള്‍

Next Article