വാർണറും കോലിയും രോഹിത്തുമെല്ലാം ഇനി ഡിവില്ലിയേഴ്‌സിന്റെ പിറകിൽ, ഐപിഎല്ലിൽ റെക്കോർഡ് നേട്ടം സ്വന്തമാക്കി താരം

Webdunia
ബുധന്‍, 28 ഏപ്രില്‍ 2021 (16:12 IST)
ഐപിഎല്ലിൽ എല്ലാ സാധ്യതകളും അവസാനിച്ചുവെന്ന് തോന്നിക്കുന്ന കളികളിൽ നിന്നും ബാംഗ്ലൂരിനെ രക്ഷിക്കുന്നത് ഹോബിയാക്കി മാറ്റിയ കളിക്കാരനാണ് ദക്ഷിണാഫ്രിക്കയുടെ ഇതിഹാസതാരമായ എ‌ബി ഡിവില്ലിയേഴ്‌സ്. ഇന്നലെ ഡൽഹിക്കെതിരെ സംഭവിച്ചതും ഇത്തരത്തിലുള്ളൊരു ഡിവില്ലിയേഴ്‌സ് പ്രകടനമായിരുന്നു. മത്സരത്തിൽ 42 പന്തിൽ നിന്നും 75 റൺസ് നേടിയ ഡിവിലിയേഴ്‌സിന്റെ പ്രകടനമായിരുന്നു ബാംഗ്ലൂരിനെ മത്സരത്തിൽ തിരിച്ചെത്തിച്ചത്.
 
ഐപിഎല്ലിലെ ഈ പ്രകടനത്തോടെ ഒരു റെക്കോർഡ് നേട്ടം കൂടി ഡിവില്ലിയേഴ്‌സ് സ്വന്തമാക്കിയിരിക്കുകയാണ്. 3288 പന്തുകളില്‍ നിന്നാണ് ഡിവില്ലിയേഴ്‌സ് 5000 പൂര്‍ത്തിയാക്കിയത്. ഇതോടെ ഐപിഎല്ലിൽ ഏറ്റവും കുറവ് പന്തുകളിൽ നിന്ന് 5000 റൺസ് സ്വന്തമാക്കിയ താരം എന്ന നേട്ടം ഡിവില്ലിയേഴ്‌സ് സ്വന്തമാക്കി. 3554 പന്തിൽ നിന്നും 5000 റൺസ് സ്വന്തമാക്കിയ ഡേവിഡ് വാർണറെയാണ് ഡിവില്ലിയേഴ്‌സ് മറികടന്നത്.
 
3620 പന്തുകളിൽ നിന്നും 5000 റൺസ് തികച്ച സുരേഷ് റെയ്‌നയാണ് പട്ടികയിലുള്ള മൂന്നാമത് താരം. ഇന്ത്യയുടെ ഹി‌റ്റ്‌മാന് 5000 റൺസ് നേട്ടത്തിലെത്താൻ 3817 പന്തുകളാണ് വേണ്ടിവന്നത്. 3827 പന്തുകളാണ് ഇന്ത്യൻ നായകൻ വിരാട് കോലിക്ക് ഇതിനായി വേണ്ടിവന്നത്.
 
ഐപിഎല്ലില്‍ വാര്‍ണര്‍ക്ക് ശേഷം 5000 ക്ലബിലെത്തുന്ന ഓവര്‍സീസ് താരമെന്ന നേട്ടവും ഡിവില്ലിയേഴ്‌സ് സ്വന്തമാക്കി. 161 ഇന്നിങ്സുകളിൽ നിന്നാണ് ഡിവില്ലിയേഴ്‌സിന്റെ നേട്ടം. വാർണർക്ക് ഇതിനായി 135 ഇന്നിങ്സുകൾ മാത്രമാണ് വേണ്ടിവന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article