IPL 2024: Rishabh Pant: ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് നായകന്‍ റിഷഭ് പന്തിന് പ്ലയര്‍ ഓഫ് ദ മാച്ച് പുരസ്‌കാരം നല്‍കിയതിനെ ട്രോളിയും വിമര്‍ശിച്ചും സഞ്ജു സാംസണ്‍ ആരാധകര്‍. ബിസിസിഐയുടെ അരുമപുത്രന്‍ ആയതുകൊണ്ടാണ് അര്‍ഹതയില്ലാഞ്ഞിട്ടും പന്തിന് പ്ലയര്‍ ഓഫ് ദ മാച്ച് പുരസ്‌കാരം നല്‍കിയതെന്നാണ് സഞ്ജു ഫാന്‍സിന്റെ ആരോപണം. ട്വന്റി 20 ലോകകപ്പ് ടീമില്‍ പ്രധാന വിക്കറ്റ് കീപ്പറായി പന്തിനെ ഉള്‍പ്പെടുത്താനുള്ള നീക്കത്തിന്റെ ഭാഗമാണ് ഇതെന്നും സഞ്ജു ഫാന്‍സ് സംശയിക്കുന്നു.
ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തില്‍ ഗുജറാത്ത് 89 റണ്‍സിന് ഓള്‍ഔട്ടായി. വെറും 8.5 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ ഡല്‍ഹി വിജയം സ്വന്തമാക്കുകയും ചെയ്തു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്ത് 17.3 ഓവറില്‍ 89 ന് ഓള്‍ഔട്ട് ആകുകയായിരുന്നു. ഡല്‍ഹിക്കായി ബാറ്റിങ്ങിനിറങ്ങിയ പന്ത് 11 ബോളില്‍ 16 റണ്‍സുമായി പുറത്താകാതെ നിന്നു. ഈ 16 റണ്‍സെടുത്തതിനാണോ പന്തിന് പ്ലയര്‍ ഓഫ് ദ മാച്ച് പുരസ്‌കാരം നല്‍കിയതെന്ന് ചോദ്യമുയര്‍ന്നിട്ടുണ്ട്. ഡല്‍ഹിക്ക് വേണ്ടി മുകേഷ് കുമാര്‍ 2.3 ഓവറില്‍ വെറും 14 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയിട്ടുണ്ട്. പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ ആണെങ്കില്‍ മുകേഷ് കുമാര്‍ അല്ലേ കളിയിലെ താരം ആകേണ്ടതെന്നും സഞ്ജു ആരാധകര്‍ ചോദിക്കുന്നു.
എന്നാല്‍ റിഷഭ് പന്തിന് പ്ലയര്‍ ഓഫ് ദ മാച്ച് പുരസ്‌കാരം നല്‍കാന്‍ വ്യക്തമായ കാരണങ്ങളുണ്ട്. 11 പന്തില്‍ പുറത്താകാതെ 16 റണ്‍സ് നേടിയതിനൊപ്പം പന്തിന്റെ ക്യാപ്റ്റന്‍സി മികവും വിക്കറ്റ് കീപ്പിങ്ങും പരിഗണിച്ചാണ് കളിയിലെ താരമായി തിരഞ്ഞെടുത്തത്. ഗുജറാത്തിനെ 89 റണ്‍സിന് ഓള്‍ഔട്ട് ആക്കിയതില്‍ റിഷഭ് പന്തിന്റെ ക്യാപ്റ്റന്‍സിക്കും പ്രശംസ ലഭിക്കുന്നു. അതോടൊപ്പം വിക്കറ്റ് കീപ്പിങ്ങില്‍ പന്ത് മികച്ച പ്രകടനമാണ് നടത്തിയത്. രണ്ട് ക്യാച്ചുകളും രണ്ട് സ്റ്റംപിങ്ങും പന്തിന്റെ പേരില്‍ ഉണ്ട്. ഡേവിഡ് മില്ലര്‍, റാഷിദ് ഖാന്‍ എന്നിവരെയാണ് പന്ത് ക്യാച്ചിലൂടെ പുറത്താക്കിയത്. അഭിനവ് മനോഹര്‍, ഷാരൂഖ് ഖാന്‍ എന്നിവരെ സ്റ്റംപിങ്ങിലൂടെ പുറത്താക്കി.