വിജയ് ഹസാരെ ട്രോഫിയിൽ കളിക്കാത്തത് തിരിച്ചടിയാകും, ചാമ്പ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ ടീമിൽ സഞ്ജുവിന് ഇടം ലഭിക്കില്ലെന്ന് സൂചന

അഭിറാം മനോഹർ

ചൊവ്വ, 7 ജനുവരി 2025 (12:29 IST)
ഫെബ്രുവരിയില്‍ പാകിസ്ഥാനിലും യുഎഇയിലുമായി നടക്കുന്ന ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ മലയാളി താരം സഞ്ജു സാംസണ്‍ ടീമില്‍ നിന്നും തഴയപ്പെടുമെന്ന് സൂചന. ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയില്‍ ഉള്‍പ്പെട്ട മിക്ക സീനിയര്‍ താരങ്ങളും ചാമ്പ്യന്‍സ് ട്രോഫിയില്‍ കളിക്കുമെന്നാണ് സൂചന. പരമ്പരയില്‍ നിരാശപ്പെടുത്തിയെങ്കിലും രോഹിത് തന്നെയാകും ഇന്ത്യന്‍ ടീമിനെ നയിക്കുക. കെ എല്‍ രാഹുല്‍, റിഷഭ് പന്ത്, വിരാട് കോലി എന്നിവരെല്ലാം തന്നെ ടീമില്‍ ഇടം നേടും. ഇതോടെ മലയാളി താരം സഞ്ജു സാംസണിന് ടീമില്‍ ഇടം പിടിക്കാന്‍ സാധിച്ചേക്കില്ല.
 
സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ കളിച്ചെങ്കിലും കേരളത്തിനായി വിജയ് ഹസാരെ ട്രോഫിയില്‍ നിന്നും സഞ്ജു വിട്ട് നിന്നിരുന്നു. കേരള ക്യാമ്പില്‍ പങ്കെടുക്കാതെ വന്നതോടെയാണ് സഞ്ജുവിന് ടീമില്‍ നിന്നും സ്ഥാനം നഷ്ടമായത്. എല്ലാ ഇന്ത്യന്‍ താരങ്ങളും ആഭ്യന്തര ക്രിക്കറ്റ് കളിക്കണമെന്ന ബിസിസിഐ നിബന്ധനയുള്ളതിനാല്‍ വിജയ് ഹസാരെ ട്രോഫിയില്‍ നിന്നും മാറിനിന്നത് സഞ്ജുവിന് തിരിച്ചടിയാകും. ഇത് കൂടാതെ പല സീനിയര്‍ താരങ്ങളുടെയും അവസാന ഐസിസി ടൂര്‍ണമെന്റാകും ഇത്തവണ നടക്കുന്നത്. അതിനാല്‍ തന്നെ യുവതാരങ്ങള്‍ക്ക് പലര്‍ക്കും ടീമില്‍ ഇടം നേടാനാകില്ല.
 
 ഏകദിനത്തില്‍ മികച്ച കണക്കുകള്‍ അല്ലെങ്കിലും വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരായി റിഷഭ് പന്ത്, കെ എല്‍ രാഹുല്‍ എന്നിവര്‍ ടീമില്‍ ഇടം നേടുമെന്ന് ഉറപ്പാണ്. ഈ സാഹചര്യത്തില്‍ മൂന്നാമതൊരു കീപ്പിംഗ് താരത്തെ ഇന്ത്യ പരിഗണിച്ചേക്കില്ല എന്നതും സഞ്ജുവിന് തിരിച്ചടിയാണ്.ടോപ് ഓര്‍ഡറില്‍ നിതീഷ് കുമാര്‍ റെഡ്ഡിയുടെ വരവോടെ ശക്തമായ മധ്യനിരയാണ് ഇന്ത്യയ്ക്കുള്ളത്. ഈ സാഹചര്യത്തില്‍ മധ്യനിരയിലും സഞ്ജുവിന് ഇടം ലഭിച്ചേക്കില്ല.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍