Sunil Narine: എങ്ങനെ വീണ്ടും ഓപ്പണറായി, ഒരൊറ്റ കാരണം മാത്രം, അത് ഗൗതം ഗംഭീറെന്ന് നരെയ്ൻ

അഭിറാം മനോഹർ

ബുധന്‍, 17 ഏപ്രില്‍ 2024 (19:33 IST)
Sunil Narine,IPL24
ഒരു സ്‌പെഷ്യലിസ്റ്റ് സ്പിന്നറായി വന്ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ഓപ്പണിംഗ് വേഷത്തില്‍ തിളങ്ങിയ താരമെന്ന റെക്കോര്‍ഡുള്ള താരമാണ് സുനില്‍ നരെയ്ന്‍. ഗൗതം ഗംഭീര്‍ കൊല്‍ക്കത്ത നായകനായിരുന്ന സമയത്തായിരുന്നു പവര്‍പ്ലേയില്‍ വെടിക്കെട്ട് നടത്താന്‍ ശേഷിയുള്ള ഓപ്പണിംഗ് താരമായി സുനില്‍ നരെയ്ന്‍ അവതരിച്ചത്. എന്നാല്‍ ഗംഭീര്‍ കളി മതിയാക്കുകയും ഓപ്പണിങ്ങില്‍ പഴയ മികവിലെത്താന്‍ സാധിക്കാതെയും വന്നതോടെ കൊല്‍ക്കത്തയുടെ ഓപ്പണിംഗ് സ്ഥാനം സുനില്‍ നരെയ്‌ന് നഷ്ടമായിരുന്നു.
 
അതിനാല്‍ തന്നെ 2024ല്‍ നരെയ്‌നെ വീണ്ടും ഓപ്പണറാക്കാനുള്ള തീരുമാനം ഗംഭീറില്‍ നിന്നും വന്നപ്പോള്‍ അതൊരു ചൂതാട്ടം മാത്രമായാണ് ക്രിക്കറ്റ് പ്രേമികള്‍ കണക്കാക്കിയത്. എന്നാല്‍ ഓപ്പണിങ്ങില്‍ നരെയ്ന്‍ നല്‍കുന്ന സ്‌ഫോടനാത്മകമായ തുടക്കങ്ങളാണ് ഇപ്പോള്‍ കൊല്‍ക്കത്തയുടെ ബാറ്റിംഗ് എഞ്ചിന് ശക്തിനല്‍കുന്നത്. രാജസ്ഥാനെതിരെ 56 പന്തില്‍ 6 സിക്‌സുകളും 13 ബൗണ്ടറികളും സഹിതം 109 റണ്‍സാണ് നരെയ്ന്‍ അടിച്ചുകൂട്ടിയത്. ബാറ്റിംഗിലെ തന്റെ ഈ മികവിന്റെ ക്രെഡിറ്റ് നരെയ്ന്‍ നല്‍കുന്നത് പരിശീലകനായ ഗൗതം ഗംഭീറിനാണ്.
 
ഗൗതം ഗംഭീര്‍ കൊല്‍ക്കത്തയിലേക്ക് തിരിച്ചെത്തിയത് മുതല്‍ നല്‍കുന്ന ആത്മവിശ്വാസം വലുതാണ്. എനിക്ക് ആത്മവിശ്വാസവും ഉറപ്പും നല്‍കിയത് ഗംഭീറാണ്. രാജസ്ഥാനെതിരെ മത്സരത്തിലെ ഇന്നിങ്ങ്‌സ് ബ്രേയ്ക്കിനിടെ നരെയ്ന്‍ പറഞ്ഞു. നിലവില്‍ 276 റണ്‍സുമായി ഐപിഎല്ലിലെ റണ്‍വേട്ടക്കാരില്‍ മൂന്നാം സ്ഥാനത്താണ് സുനില്‍ നരെയ്ന്‍. ഒരുപാട് കാലത്തിന് ശേഷം ഓപ്പണറാകുന്നതിനാല്‍ തന്നെ ടോപ് 3യില്‍ വരുമെന്ന് താന്‍ പ്രതീക്ഷിച്ചിരുന്നില്ലെന്നും നരെയ്ന്‍ പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍