തപ്പിയും തടഞ്ഞും ഫിഫ്റ്റി, സെഞ്ചുറിയുമായി രാജസ്ഥാന്റെ ബോസ്, എതിരാളികള്‍ ഭയക്കണം ജോസേട്ടന്‍ ഇപ്പോഴും വിളയാട്ട് മോഡിലെത്തിയിട്ടില്ല
ഐപിഎല്ലില്‍ എന്ന് മാത്രമല്ല ഇന്ന് ലിമിറ്റഡ് ഓവര്‍ ക്രിക്കറ്റ് കളിക്കുന്നവരില്‍ ഏറ്റവും മികച്ച ബാറ്ററായാണ് ഇംഗ്ലണ്ട് താരം ജോസ് ബട്ട്‌ലറെ കണക്കിലാക്കുന്നത്. കളിക്കുന്ന ആദ്യ പന്ത് മുതല്‍ സിക്‌സര്‍ പറത്താന്‍ ശേഷിയുള്ള ഏത് ടോട്ടലും കീഴ്‌പ്പെടുത്താന്‍ സാധിക്കുന്ന ജോസ് ബട്ട്‌ലര്‍ എതിരാളികളുടെ പേടിസ്വപ്നമാണ്. ഫുള്‍ ഫോമിലുള്ള ബട്ട്‌ലര്‍ക്ക് എന്തെല്ലമ വിസ്മയങ്ങള്‍ സാധിക്കും എന്നറിയുന്നതിനാല്‍ തന്നെയാണ് കഴിഞ്ഞ സീസണ്‍ മുതല്‍ നിറം മങ്ങിയിട്ടും ഒരു മത്സരത്തില്‍ പോലും രാജസ്ഥാന്‍ ബട്ട്‌ലറെ മാറ്റിനിര്‍ത്താഞ്ഞത്.
ഈ ഐപിഎല്‍ സീസണില്‍ ഇതുവരെ 2 സെഞ്ചുറികള്‍ ബട്ട്‌ലര്‍ സ്വന്തമാക്കികഴിഞ്ഞു. എന്നാല്‍ ബട്ട്‌ലറുടെ പ്രകടനം സ്ഥിരമായി കാണുന്ന ഏതൊരാള്‍ക്കുമറിയാം ബട്ട്‌ലര്‍ തന്റെ പതിവ് താളത്തിലേക്ക് ഇതുവരെയും എത്തിച്ചേര്‍ന്നിട്ടില്ല. ആര്‍സിബിക്കെതിരെയും കൊല്‍ക്കത്തക്കെതിരെയും താളം കണ്ടെത്താന്‍ ഏറെ ബുദ്ധിമുട്ടിയ ശേഷമാണ് മൂന്നക്ക സംഖ്യയിലേക്ക് ബട്ട്‌ലര്‍ കുതിച്ചത്. ഇന്നലെ കൊല്‍ക്കത്തക്കെതിരെ 30 പന്തുകളില്‍ 40+ എന്ന നിലയില്‍ മാത്രമായിരുന്നു ബട്ട്‌ലറുടെ പ്രകടനം.39 പന്തില്‍ 58 റണ്‍സ് എന്ന നിലയില്‍ നിന്നായിരുന്നു 60 പന്തില്‍ 107 എന്ന നിലയില്‍ ബട്ട്‌ലര്‍ കളി അവസാനിപ്പിച്ചത്.
താളം കണ്ടെത്താന്‍ ഏറെ ബുദ്ധിമുട്ടിയ ഘട്ടത്തില്‍ വരുണ്‍ ചക്രവര്‍ത്തിയുടെ ഓവറില്‍ തുടരെ ബൗണ്ടറികള്‍ നേടാനായതാണ് ബട്ട്‌ലറെ സഹായിച്ചത്. ഒരു ഭാഗത്ത് റോവ്മന്‍ പവല്‍ സ്‌കോര്‍ ഉയര്‍ത്തിയതോടെ തനിക്ക് വേണ്ട സമയം ബട്ട്‌ലര്‍ക്ക് ലഭിക്കുക കൂടി ചെയ്തു. പതിനെട്ടാം ഓവറില്‍ ട്രെന്‍ഡ് ബോള്‍ട്ട് കൂടി പുറത്തായതോടെ ആവേശ് ഖാനെ കാഴ്ചക്കാരനായി നിര്‍ത്തിയായിരുന്നു ബട്ട്‌ലര്‍ രാജസ്ഥാനെ വിജയത്തിലെത്തിച്ചത്. പരിക്കില്‍ നിന്നും മോചിതനായെ ഉള്ളു എന്നതിനാല്‍ വിക്കറ്റിനിടയിലെ ഓട്ടത്തില്‍ ബട്ട്‌ലര്‍ ഏറെ ബുദ്ധുമുട്ടുകള്‍ നേരിട്ടു. എങ്കിലും രാജസ്ഥാന്‍ കപ്പലിനെ വിജയത്തീരത്തിലേക്കെത്തിച്ച് മാത്രമെ ബട്ട്‌ലര്‍ തന്റെ ബാറ്റിംഗ് അവസാനിപ്പിച്ചുള്ളു.