Who is Ashutosh Sharma: 20 ലക്ഷത്തിനു 20 കോടിയുടെ പണിയെടുക്കുന്നു ! യുവരാജിന്റെ റെക്കോര്‍ഡിനൊപ്പമെത്തിയ അശുതോഷ് ശര്‍മ ചില്ലറക്കാരനല്ല

രേണുക വേണു
വെള്ളി, 19 ഏപ്രില്‍ 2024 (11:08 IST)
Ashutosh Sharma

Who is Ashutosh Sharma: നാണംകെട്ട തോല്‍വി ഉറപ്പിച്ച മത്സരത്തില്‍ പഞ്ചാബ് കിങ്‌സിന്റെ രക്ഷകനായി അവതരിച്ചിരിക്കുകയാണ് 25 കാരനായ അശുതോഷ് ശര്‍മ. മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തില്‍ ടീം ടോട്ടല്‍ നൂറില്‍ എത്താതെ പഞ്ചാബ് ഓള്‍ഔട്ട് ആകുമെന്ന് ആരാധകര്‍ പ്രതീക്ഷിച്ചതാണ്. അപ്പോഴാണ് അശുതോഷ് ശര്‍മയുടെ മാസ് എന്‍ട്രി. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത മുംബൈ നിശ്ചിത 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 192 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങില്‍ പഞ്ചാബ് 19.1 ഓവറില്‍ 183 ന് ഓള്‍ഔട്ടായി. 
 
വന്‍ തോല്‍വി മുന്നില്‍ കണ്ട പഞ്ചാബിനെ യുവതാരങ്ങളായ ശശാങ്ക് സിങ്ങും അശ്തോഷ് ശര്‍മയും ചേര്‍ന്ന് അത്ഭുതകരമായ രീതിയില്‍ രക്ഷിക്കുകയായിരുന്നു. 14-4 എന്ന നിലയില്‍ നിന്ന് ജയത്തിനു തൊട്ടരികില്‍ വരെ എത്തി പഞ്ചാബ്. എന്നാല്‍ ഒന്‍പത് റണ്‍സ് അകലെ പഞ്ചാബിന്റെ പോരാട്ടവീര്യം അവസാനിച്ചു. അശുതോഷ് ശര്‍മ വെറും 28 ബോളില്‍ ഏഴ് സിക്സും രണ്ട് ഫോറും സഹിതം 61 റണ്‍സ് നേടി. ഇംപാക്ട് പ്ലെയര്‍ ആയാണ് അശുതോഷ് ശര്‍മ ക്രീസിലെത്തിയത്. 
 
ഈ സീസണില്‍ നാല് മത്സരങ്ങളില്‍ നിന്ന് 205.26 സ്‌ട്രൈക്ക് റേറ്റില്‍ 156 റണ്‍സാണ് അശുതോഷ് ശര്‍മ അടിച്ചുകൂട്ടിയത്. നേരിട്ടത് വെറും 76 പന്തുകള്‍ മാത്രം. 13 സിക്‌സും ഒന്‍പത് ഫോറും അശുതോഷിന്റെ ബാറ്റില്‍ നിന്ന് പിറന്നു. 1998 സെപ്റ്റംബര്‍ 15 നാണ് മധ്യപ്രദേശുകാരനായ അശുതോഷ് ശര്‍മയുടെ ജനനം. ഈ സീസണില്‍ ആണ് ഐപിഎല്‍ അരങ്ങേറ്റം. താരലേലത്തില്‍ വെറും 20 ലക്ഷത്തിനാണ് അശുതോഷിനെ പഞ്ചാബ് സ്വന്തമാക്കിയത്. 20 ലക്ഷത്തിനു 20 കോടിയുടെ പണിയെടുക്കുന്ന ക്രിക്കറ്റര്‍ എന്നാണ് പഞ്ചാബ് ആരാധകര്‍ അശുതോഷിനെ വിശേഷിപ്പിക്കുന്നത്. 
 
2020-22 കാലഘട്ടത്തില്‍ കടുത്ത വിഷാദത്തിലൂടെയാണ് അശുതോഷ് കടന്നുപോയത്. തന്റെ ക്രിക്കറ്റ് കരിയര്‍ എവിടെയും എത്താതെ അവസാനിക്കുമെന്ന് അശുതോഷ് കരുതിയിരുന്നു. മധ്യപ്രദേശ് പരിശീലകനായ ചന്ദ്രകാന്ത് പണ്ഡിറ്റുമായുള്ള അകല്‍ച്ചയാണ് അശുതോഷിന്റെ കരിയരില്‍ തിരിച്ചടിയായത്. പരിശീലന മത്സരത്തില്‍ 45 പന്തില്‍ 90 റണ്‍സ് നേടിയിട്ടും മധ്യപ്രദേശ് പരിശീലകന്‍ തന്നെ ടീമില്‍ ഉള്‍പ്പെടുത്താതിരുന്നത് ഏറെ നിരാശപ്പെടുത്തിയെന്ന് അശുതോഷ് പറയുന്നു. 
 
' മുഷ്താഖ് അലി മുന്‍ സീസണില്‍ ആറ് മത്സരങ്ങളില്‍ എനിക്ക് മൂന്ന് അര്‍ധ സെഞ്ചുറി ഉണ്ടായിരുന്നു. എന്നിട്ടും എനിക്ക് ഗ്രൗണ്ടില്‍ ഇറങ്ങാന്‍ പോലും അനുവാദമില്ലായിരുന്നു. ഞാന്‍ കടുത്ത വിഷാദത്തിനു അടിമയായി,' അശുതോഷ് പഴയൊരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. 
 
റെയില്‍വെയില്‍ ജോലി കിട്ടിയതാണ് അശുതോഷിന്റെ ജീവിതത്തില്‍ നിര്‍ണായകമായത്. കഴിഞ്ഞ മുഷ്താഖ് അലി ട്രോഫിയില്‍ അറുണാചല്‍ പ്രദേശിനെതിരെ 11 പന്തില്‍ അര്‍ധ സെഞ്ചുറി നേടി. ട്വന്റി 20 യിലെ വേഗമേറിയ അര്‍ധ സെഞ്ചുറി റെക്കോര്‍ഡില്‍ സാക്ഷാല്‍ യുവരാജ് സിങ്ങിനൊപ്പം എത്തി. ഈ ഇന്നിങ്‌സ് അശുതോഷിന് പഞ്ചാബ് കിങ്‌സിലേക്കുള്ള ചവിട്ടുപടിയായി. പഞ്ചാബ് പരിശീലകന്‍ സഞ്ജയ് ബംഗാര്‍ ആണ് അശുതോഷിനെ കണ്ടെത്തിയത്. ഇപ്പോള്‍ അശുതോഷ് ശര്‍മ പഞ്ചാബ് കിങ്‌സിന്റെ തുറുപ്പുചീട്ടാണ്. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article