Riyan Parag: ഒരോവറിൽ നാല് സിക്സ് സ്വപ്നമെന്ന് 2023ലെ പറഞ്ഞു, ചെയ്യാൻ സാധിച്ചത് 2025ൽ, തകർത്തടിച്ച് റിയാൻ പരാഗ്

അഭിറാം മനോഹർ

തിങ്കള്‍, 5 മെയ് 2025 (12:51 IST)
കൊല്‍ക്കത്തക്കെതിരായ ഐപിഎല്‍ മത്സരത്തില്‍ തുടര്‍ച്ചയായ 6 സിക്‌സുകള്‍ നേടി റെക്കോര്‍ഡിട്ട് രാജസ്ഥാന്‍ റോയല്‍സ് നായകന്‍ റിയാന്‍ പരാഗ്. കൊല്‍ക്കത്തക്കെതിരെ തുടരെ 6 സിക്‌സുകള്‍ പറത്തിയപ്പോള്‍ 2023ല്‍ സമൂഹമാധ്യമങ്ങളില്‍ പരാഗ് കുറിച്ച സ്വപ്നം കൂടിയാണ് യാഥാര്‍ഥ്യമായത്. 2023ലെ ഐപിഎല്‍ സീസണിലായിരുന്നു താന്‍ ഐപിഎല്ലില്‍ എപ്പോഴെങ്കിലും ഒരോവറില്‍ 4 സിക്‌സുകള്‍ അടിക്കുമെന്ന് റിയാന്‍ പരാഗ് കുറിച്ചത്.
 
 കൊല്‍ക്കത്തക്കെതിരെ ഇന്നലെ നടന്ന മത്സരത്തില്‍ മോയിന്‍ അലിയുടെ ഓവറില്‍ 5 സിക്‌സുകളാണ് താരം തുടരെ പറത്തിയത്. വരുണ്‍ ചക്രവര്‍ത്തി എറിഞ്ഞ അടുത്ത ഓവറില്‍ നേരിട്ട ആദ്യ പന്തില്‍ തന്നെ സിക്‌സര്‍ പറത്തി തുടര്‍ച്ചയായി 6 സിക്‌സുകള്‍ എന്ന നേട്ടവും പരാഗ് സ്വന്തമാക്കി. ഐപിഎല്‍ ചരിത്രത്തില്‍ ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ബാറ്ററെന്ന നേട്ടവും ഇതോടെ പരാഗിന്റെ പേരിലായി.
 

pic.twitter.com/SAASfny5sv

— ???? (@SaiEmbeds) May 4, 2025
 മത്സരത്തിന്റെ പതിമൂന്നാം ഓവറില്‍ മോയിന്‍ അലിക്കെതിരെയായിരുനു പരാഗിന്റെ വിളയാട്ടം. ആദ്യ പന്തില്‍ ഹെറ്റ്‌മെയര്‍ സ്‌ട്രൈക്ക് പരാഗിന് കൈമാറി. ഈ സമയത്ത് 26 പന്തില്‍ 45 റണ്‍സെന്ന നിലയിലായിരുന്നു താരം.  രണ്ടാം പന്തില്‍ സ്‌ക്വയര്‍ ലെഗിന് മുകളിലൂടെ സിക്‌സര്‍ പറത്തിയാണ് പരാഗ് തുടങ്ങിയത്. മൂന്നാം പന്ത് ലോംഗ് ഓഫിന് മുകളിലൂടെ, നാലാം പന്ത് ഡീപ് ബാക്വേര്‍ഡ് സ്‌ക്വയര്‍ ലെഗിലേക്ക്, അഞ്ചാം പന്തിനെ ലോംഗ് ഓണിന് മുകളിലൂടെയും ആറാം പന്ത് ലോംഗ് ഓഫിന് മുകളിലൂടെയും പരാഗ് പറത്തി. ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ 31 പന്തില്‍ 75 റണ്‍സ്.അടുത്ത ഓവര്‍ എറിയാനെത്തിയ വരുണ്‍ ചക്രവര്‍ത്തിയെ റിവേഴ്‌സ് ഹിറ്റിലൂടെ വീണ്ടും സിക്‌സര്‍ പറത്തിയാണ് പരാഗ് തുടര്‍ച്ചയായ 6 സിക്‌സുകള്‍ മത്സരത്തില്‍ നേടിയത്. പിന്നീട് ഒരു ബൗണ്ടറി കൂടി പറത്തിയ പരാഗ് പതിനെട്ടാം ഓവറില്‍ ഹര്‍ഷിത് റാണയെ സിക്‌സര്‍ പറത്താനുള്ള ശ്രമത്തിലാണ് പുറത്തായത്. 45 പന്തില്‍ 95 റണ്‍സാണ് ഇതോടെ താരം നേടിയത്. പരാഗിന്റെ വെടിക്കെട്ട് പ്രകടനം രാജസ്ഥാന് വിജയപ്രതീക്ഷ തന്നെങ്കിലും വെറും ഒരു റണ്‍സ് അകലെ രാജസ്ഥാന്‍ പരാജയം സമ്മതിച്ചു.
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍